മകന്റെ മരണത്തിന് പിന്നാലെ പഞ്ചാബിലെ മുന്‍ ഡിജിപിക്കും മുന്‍ മന്ത്രിയായ ഭാര്യയ്ക്കുമെതിരെ കേസ്

05:47 AM Oct 22, 2025 | Suchithra Sivadas

പഞ്ചാബിലെ മുന്‍ ഡിജിപിക്കും മുന്‍ മന്ത്രിയായ ഭാര്യയ്ക്കുമെതിരെ മകന്റെ മരണത്തില്‍ കേസ്. മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ ഭാര്യയും മുന്‍ മന്ത്രിയും ആയിരുന്ന റസിയ സുല്‍ത്താന എന്നിവര്‍ക്കെതിരെയാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്.

2017-2022 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റസിയ. ഇവരുടെ മകന്‍ അഖില്‍ അഖ്തറിനെ അഞ്ച് ദിവസം മുന്‍പാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖില്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്ന വീഡിയോകള്‍ പുറത്ത് വന്നതോടെ വലിയ വിവാദമാണ് സംസ്ഥാനുണ്ടായിട്ടുള്ളത്. തന്റെ ഭാര്യയ്ക്ക് പിതാവുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നതായും തനിക്ക് വധഭീഷണിയുണ്ടെന്നും അഖില്‍ വീഡിയോയില്‍ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച പുറത്ത് വന്ന വീഡിയോയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്‌നങ്ങള്‍കൊണ്ട് ചെയ്തതാണെന്നും തന്നോട് ക്ഷമിക്കണമെന്നും അഖില്‍ പറയുന്നു. ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ക്കെതിരെ കേസ് എടുത്തതെന്നാണ് ഡപ്യൂട്ടി കമ്മിഷണര്‍ സൃഷ്ടി ഗുപ്ത വിശദമാക്കുന്നത്.

എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആരോപണം അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരുന്നുകള്‍ ഓവര്‍ഡോസായതാണ് അഖിലിന്റെ മരണ കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച ശേഷമാണോ വീഡിയോകള്‍ ചെയ്തതെന്ന സംശയത്തിലാണ് പൊലീസുള്ളത്. ഒക്ടോബര്‍ 16ന് പഞ്ച്കുലയിലെ വീട്ടില്‍ അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഖിലിന്റെ വീഡിയോ പുറത്ത് വന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായതും. ഓഗസ്റ്റ് 27ന് അഖില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭാര്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടെന്നും അമ്മയും സഹോദരിയും തന്നെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതായും ആരോപിച്ചത്.

ഒക്ടോബര്‍ 17ന് കുടുംബത്തെ പരിചയമുള്ള ഷംസൂദ്ദീന്‍ ചൗധരിയെന്ന വ്യക്തി അഖിലിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചയാണ് പൊലീസ് കേസ് എടുത്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ചയാണ് താന്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ മാനസിക അസ്വാസ്ഥ്യത്തേ തുടര്‍ന്നാണ് എന്ന് അഖില്‍ വിശദമാക്കുന്ന പുതിയ വീഡിയോ പുറത്ത് വന്നത്. തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്നും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ലെന്നും അഖില്‍ വിശദമാക്കുന്നുണ്ട്.