+

അങ്കണവാടിയില്‍ കുഞ്ഞിനെ മാന്തിയ പൂച്ച ചത്തു; ജഡം മാന്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചു

അങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ മാന്തിയ പൂച്ച ചത്തത് ആശങ്കയ്ക്കിടയാക്കി. മാന്തിയ വിവരം അങ്കണവാടി ജീവനക്കാരും പൂച്ച ചത്ത കാര്യം ഉടമയും മറച്ചുവെച്ചത് വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വിഷയത്തില്‍ ഇടപെട്ടു

തിരുവനന്തപുരം: അങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ മാന്തിയ പൂച്ച ചത്തത് ആശങ്കയ്ക്കിടയാക്കി. മാന്തിയ വിവരം അങ്കണവാടി ജീവനക്കാരും പൂച്ച ചത്ത കാര്യം ഉടമയും മറച്ചുവെച്ചത് വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വിഷയത്തില്‍ ഇടപെട്ടു.ചത്ത പൂച്ചയ്ക്ക് പേ വിഷബാധയുണ്ടോ എന്നറിയാന്‍ പൂച്ചയുടെ ജഡം മാന്തിയെടുത്ത് പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചു.

കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്തില്‍ പേഴുംമൂട് വാര്‍ഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126ാം നമ്ബര്‍ അങ്കണവാടിയിലാണ് സംഭവം. പേഴുംമൂട് സൈനബ മന്‍സിലില്‍ മാഹീന്റെയും സൈനബയുടെയും മകന്‍ ഹൈസിന്‍ സയാനിനെയാണ് കഴിഞ്ഞ മാസം 18ന് അടുത്തവീട്ടില്‍ നിന്നെത്തുന്ന പൂച്ച ഇടതു കാലിലും കൈയിലും മാന്തിയത്.

വിവരം അങ്കണവാടി അധികൃതര്‍ രഹസ്യമാക്കി വച്ചെങ്കിലും 20ന് കുഞ്ഞ് വിവരം രക്ഷാകര്‍ത്താക്കളോട് പറഞ്ഞു. 21ന് പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്‌പെടുത്തു. തുടര്‍ന്ന് മാഹീന്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. കൃത്യവിലോപം കാട്ടിയ അങ്കണവാടി വര്‍ക്കര്‍ നിഷയെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

 

facebook twitter