കൊട്ടിയം : കൊല്ലത്ത് വീട്ടിൽ സ്ഥാപിച്ച സിസിടിവി തല്ലിപ്പൊട്ടിച്ചത് തടയാൻ ശ്രമിച്ച ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ചു പരിക്കേൽപ്പിച്ച അയൽവാസിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻമുക്കിനു സമീപം കിഴങ്ങുവിള തെക്കതിൽ വീട്ടിൽ ഷാനവാസ് (37) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ രണ്ടാംതീയതി രാത്രി ഒൻപതുമണിയോടെ ആയിരുന്നു ആക്രമണം. നെടുമ്പന മുട്ടയ്ക്കാവ് മുളവറക്കുന്ന് സജ്മി മൻസിലിൽ സെയ്നുലാബ്ദീൻ (60), ഭാര്യ സുഹർബാൻ (56) എന്നിവരെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും സിസിടിവി അടിച്ചുതകർക്കുകയുംചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒരുമാസംമുൻപാണ് ഇവരുടെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. പതിവായി മദ്യപിച്ചെത്തുന്ന ഷാനവാസിന് റോഡിലേക്ക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് ഇഷ്ടമായില്ല. ക്യാമറ മാറ്റണമെന്ന് ഇയാൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെ മദ്യപിച്ചെത്തിയ ഷാനവാസ് ക്യാമറ അടിച്ചുതകർത്തു. ഇത് തടയാൻ ശ്രമിച്ച സെയ്നുലാബ്ദീനെ അടിച്ചുവീഴ്ത്തി. തറയിൽ വീണ ഷാനവാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഹർബാനെ ഇയാൾ കരിങ്കല്ലുകൊണ്ട് മൂക്കിലും തലയിലും ഇടിച്ചുപരിക്കേൽപ്പിച്ചത്. തലയിലും മുഖത്തും മാരക മുറിവേറ്റ സുഹർബാൻ കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ണനല്ലൂർ പോലീസ് പിടികൂടുകയായിരുന്നു. എസ്ഐമാരായ ജിബി, ഹരി സോമൻ, സിപിഒ ആത്തിഫ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.