ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

04:21 PM Sep 04, 2025 | Renjini kannur

ഡല്‍ഹി: മത്സരപരീക്ഷകളില്‍ ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ.ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരില്‍ പരീക്ഷയെഴുത്തില്‍ ക്രമക്കേട് തടയുകയാണ് ലക്ഷ്യം. ഉദ്യോഗാർഥികള്‍ സ്വന്തം സ്ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികള്‍ സ്ക്രൈബിനെ നല്‍കുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം.

പരീക്ഷാ ഏജൻസികളോട് സ്ക്രൈബുമാരുടെ സംഘത്തെ തയ്യാറാക്കാൻ സാമൂഹികനീതി മന്ത്രാലയം മാർഗരേഖയില്‍ നിർദേശം നല്‍കി. അതുവരെ സ്വന്തം സ്ക്രൈബിനെ അനുവദിക്കും.സ്ക്രൈബിനെ വെക്കാതെ സാങ്കേതികസഹായത്തോടെ സ്വന്തമായി പരീക്ഷയെഴുതാൻ ഭിന്നശേഷി ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർഗരേഖയില്‍ പറയുന്നു. 

യുപിഎസ്സി, എസ്‌എസ്സി, എൻടിഎ തുടങ്ങിയ പരീക്ഷാ ഏജൻസികളെല്ലാം പരിശീലനം നേടിയ സ്ക്രൈബുമാരെ രണ്ടുവർഷത്തിനുള്ളില്‍ സജ്ജമാക്കണം. മത്സരസ്വഭാവത്തിലുള്ള എല്ലാ എഴുത്തുപരീക്ഷകള്‍ക്കും ബാധകമാകും. പരീക്ഷാകേന്ദ്രങ്ങള്‍ ഭിന്നശേഷീസൗഹൃദമാകണം.വ്യക്തിഗതമായി ക്രമീകരിക്കുന്ന സ്ക്രൈബുകള്‍ പലപ്പോഴും ക്രമക്കേടുകള്‍ നടത്തുന്നതായി പരീക്ഷാ ഏജൻസികള്‍ കണ്ടെത്തിയിരുന്നു.