+

ചാറ്റ് ജി.പി.ടി ഇനി ശരീരഭാരവും കുറക്കും; ഫിറ്റ്‌നസ് പ്ലാനിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

 ഇനി ശരീരഭാരം കുറക്കാനും എ.ഐയെ ആശ്രയിക്കാം. എന്നാൽ ശരിയായ രീതിയിലല്ല ചാറ്റ് ജി.പി.ടിയോട് ഇക്കാര്യങ്ങൾ ചോദിക്കുന്നതെങ്കിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും ചിലപ്പോഴെങ്കിലും ഉദ്ദേശിച്ചതിന് വിപരീതഫലമുണ്ടാകാനും വരെ സാധ്യതയുണ്ട്.

 ഇനി ശരീരഭാരം കുറക്കാനും എ.ഐയെ ആശ്രയിക്കാം. എന്നാൽ ശരിയായ രീതിയിലല്ല ചാറ്റ് ജി.പി.ടിയോട് ഇക്കാര്യങ്ങൾ ചോദിക്കുന്നതെങ്കിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും ചിലപ്പോഴെങ്കിലും ഉദ്ദേശിച്ചതിന് വിപരീതഫലമുണ്ടാകാനും വരെ സാധ്യതയുണ്ട്. ചാറ്റ് ജി.പി.ടിയോട് എന്ത്, എങ്ങനെ ചോദിച്ചാലാണ് ശരിയായ രീതിയിൽ ഭാരം കുറക്കാനുള്ള മാർഗങ്ങൾ ലഭിക്കുക എന്ന് വിശദീകരിക്കുകയാണ് ഫിറ്റ്‌നസ് കോച്ച് ടെയിലർ റോസ്.

കൃത്യമായി പ്രോംപ്റ്റ് കൊടുത്താൽ മികച്ചൊരു വെയിറ്റ്‌ലോസ് പദ്ധതി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ഉണ്ടാക്കാമെന്നും ടെയിലർ പറയുന്നു. ചാറ്റ് ജി.പി.ടിയോട് വ്യക്തമായി കാര്യങ്ങൾ പറഞ്ഞാൽ മാത്രമേ ശരിയായ മറുപടി ലഭിക്കൂ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോച്ച് ഇതിനെ കുറിച്ച് സംസാരിച്ചത്. നിങ്ങളുടെ വയസ്, ശരീരഭാരം, ഉയരം, ഇപ്പോഴത്തെ പ്രവർത്തന നില എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്.

രണ്ടാമത്തെ പ്രോംപ്റ്റ് ഭക്ഷണക്രമത്തെ കുറിച്ചാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ മാക്രോന്യൂട്രീഷ്യന്റ്‌സ് ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണ് പൊതുവെ ആരോഗ്യത്തിനായി നിർദേശിക്കപ്പെടാറുള്ളത്. ഭാരം കൂട്ടുകയാണോ കുറക്കുകയാണോ അതോ നിലവിലെ ഭാരം നിലനിർത്തുകയാണോ എന്നതനുസരിച്ചാണ് പ്രോംപ്റ്റ് കൊടുക്കേണ്ടത്. ഭാരം കുറക്കാനാണെങ്കിൽ ചാറ്റ് ജി.പി.ടിയോട് കൊഴുപ്പ് കുറക്കാനുള്ള മാക്രോ ആണ് ആവശ്യപ്പെടേണ്ടത്.

അടുത്തത് വ്യായാമമാണ്. നിങ്ങളുടെ സാഹചര്യം അനുസരിച്ചാണ് ഇത് ആസൂത്രണം ചെയ്യേണ്ടത്. ഏത് തരത്തിലുള്ള ഉപകരണങ്ങളുണ്ട്, ആഴ്ചയിൽ എത്ര ദിവസം വ്യായാമം ചെയ്യണമെന്നൊക്കെയുള്ള കൃത്യമായ നിർദേശം ചാറ്റ് ജി.പി.ടിക്ക് നൽകിയാൽ മാത്രമേ ഓരോരുത്തർക്കും അനുസരിച്ചുള്ള വ്യായാമ മുറകൾ നൽകാൻ സാധിക്കുകയുള്ളൂ. വീട്ടിൽ തന്നെയാണ് വ്യായാമമെങ്കിൽ ഏതെല്ലാം ഉപകരണങ്ങൾ കൈവശമുണ്ട് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചാറ്റ് ജി.പി.ടിയോട് പറയണം. ഇനി അതല്ല ജിമ്മിൽ പോകുന്നവരാണെങ്കിൽ അതും കൃത്യമായി പറയണം. ഇതിനനുസരിച്ചാണ് ചാറ്റ് ജി.പി.ടി ഷെഡ്യൂൾ ക്രമീകരിക്കുന്നത്.

നാലാമത്തേത് പ്രോഗ്രസീവ് പ്രോഗ്രാമാണ്. കാഠിന്യം അൽപ്പാൽപ്പമായി കൂട്ടുന്നതാണിത്. ഇത് കംഫർട്ട് സോണിന് അപ്പുറം പോകാൻ നിങ്ങളെ സഹായിക്കും. എന്നിട്ട് എല്ലാ ആഴ്ചയും ചെക്ക് ഇൻ ചെയ്യാൻ ആവശ്യപ്പെടുക. വ്യായാമങ്ങൾ ഒഴിവാക്കുമ്പോൾ നിങ്ങളെ വിളിക്കുകയും ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എ.ഐ ഉപയോഗിച്ച് ഫിറ്റ്‌നസ് പ്ലാൻ തയാറാക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും ടെയിലർ കൂട്ടിച്ചേർത്തു. മനുഷ്യന് പകരമാകാൻ ഒരിക്കലും ചാറ്റ് ജി.പി.ടിക്ക് കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

facebook twitter