
ന്യൂഡൽഹി: പാകിസ്താനെതിരേ കൂടുതൽ നടപടികളിലേക്ക് കടന്ന് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാർ മരവിപ്പിച്ചതിന് തുടർച്ചയായി ഹ്രസ്വ-മധ്യ-ദീർഘകാല നടപടികൾ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം.
ഇതിൽ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാർ അണക്കെട്ടിൽനിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറിൽനിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം.