ചെന്നൈ : അതിവേഗ തീവണ്ടിയായ വന്ദേഭാരതിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് സേഫ്റ്റി കമ്മിഷണർ. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന വന്ദേഭാരത് റെയിൽപ്പാളത്തിനു കുറുകെ പോകുന്ന പശുവിനെ ഇടിച്ചാൽപോലും പാളംതെറ്റാവുന്ന സാധ്യതയുണ്ടെന്നറിയിച്ച് സേഫ്റ്റി കമ്മിഷണർ റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.
വന്ദേഭാരതിന് ഭാരക്കുറവുള്ളതിനാലാണിത്. മറ്റ് എക്സ്‌പ്രസ് തീവണ്ടിക്കുമുന്നിൽ ലോക്കോമോട്ടീവ് എൻജിനുണ്ട്. അതിനാൽ പശുക്കളെ ഇടിച്ചാലും പാളം തെറ്റാനുള്ള സാധ്യതയില്ലെന്നും സേഫ്റ്റി കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങുമ്പോൾത്തന്നെ പാളങ്ങൾക്ക് ഇരുവശവും കോൺക്രീറ്റ് വേലികൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരുന്നെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പല റെയിൽവേ സോണുകളും കോൺക്രീറ്റ് വേലികൾ നിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3000 കിലോമീറ്ററിൽ കോൺക്രീറ്റ് വേലി കെട്ടി. വന്ദേഭാരതിന് കവച് സംവിധാനം ഉണ്ട്.