മോഹ്ല: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഢിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാൻപൂർ- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
നക്സൽ വിരുദ്ധ ഓപറേഷനുമായി ബന്ധപ്പെട്ട് മദൻവാദ വനത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിന് ശേഷം പ്രദേശത്ത്നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ സംഘവും ഓപറേഷനിൽ ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് നക്സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ ഓപറേഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണെന്ന് കൊല്ലപ്പെട്ട നക്സലൈറ്റുകൾ എന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാസേന പറഞ്ഞു.
ഈ വർഷം ഇതുവരെ ഛത്തീസ്ഗഢിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 229 നക്സലൈറ്റുകളെ വധിച്ചതായി റിപ്പോർട്ട്. ഇതിൽ 208 പേരെ ബിജാപൂർ, ബസ്തർ, കാങ്കർ, കൊണടഗാവ്, നാരായൺപൂർ, സുക്മ, ദന്തേവാഡ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നുള്ളവരാണ്.