ഇന്ത്യൻ സംഗീതത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് കെ. ഓമനക്കുട്ടി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മശ്രീ പുരസ്കാരം ലഭിച്ച വിഘ്യാത സംഗീതജ്ഞ ഡോ. കെ. ഓമക്കുട്ടിയെ ആദരിക്കാൻ തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിനാകെ സന്തോഷകരവും അഭിമാനകരവുമാണ് ടീച്ചറുടെ പദ്മശ്രീലബ്ധി. കർണാടക സംഗീതരംഗത്തിന് കാര്യമായ സംഭാവനകളൊന്നും കേരളം നൽകിയിട്ടില്ലായെന്ന് ആക്ഷേപിച്ചിട്ടുള്ളവരുണ്ട്. എന്നാൽ അവരുടെയൊല്ലം വിമർശനങ്ങളുടെ മുനയൊടിക്കുവിധം കേരളീയമായ സംഭാവനകൾ ഉയർത്തിക്കാട്ടി നമ്മുടെ സംഗീത സംസ്കാരത്തിന്റെ പതാക ഉയർത്തിപിടിച്ചവരോടൊപ്പമാണ് ഓമനക്കുട്ടി ടീച്ചറുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ പോലെയുള്ള മഹാന്മാർ സ്വാതിതിരുനാളിന്റെയടക്കം കൂടുതൽ കൃതികൾ കണ്ടെത്തി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. ഓമനക്കുട്ടി ടീച്ചറെയും കുമാര കേരളവർമ്മയെ പോലെയുള്ളവരും ആ വഴിയ്ക്ക് കൂടുതൽ സഞ്ചരിക്കുകയും സ്വാതിതിരുനാളിന്റേയും ഇരയിമ്മൻതമ്പിയുടെയും മറ്റും കൃതികൾ പാടിപ്രചരിപ്പിക്കുകയും ചെയ്തു. അത് കുട്ടികളെ പഠിപ്പിച്ചു. അതിനും അപ്പുറത്ത് നിരവധി മലയാള കൃതികൾ നൊട്ടേറ്റ് ചെയ്ത് പ്രചരിപ്പിച്ചു. അങ്ങനെ കേരളീയ സംഗീത സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പിന്റെ പ്രാധാന്യം എന്താണ് എന്നത് ലോകർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ചരിത്രപരമായ ഇടപെടലാണിതിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഇടപെടൽകൂടിയാണ് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
കേരളീയ സംഗീത കൃതികൾ പ്രചരിപ്പിക്കുന്നതിലും ഇതര സംസ്ഥാനങ്ങളിലുംനിന്നുള്ള ഗായകരെ അത് പഠിപ്പിച്ച് പാടിക്കുന്നതിനും ടീച്ചറും ടീച്ചറുടെ സംഗീത ഭാരതിയും ഗാന കൈരളി പോലെയുള്ള പരിപാടികളിലൂടെ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏതു കോളജുകളിൽനിന്നാണോ ദീർഘകാലത്തെ അധ്യാപനത്തിനുശേഷം ഓമനക്കുട്ടി ടീച്ചർ വിരമിച്ചത് അതേ കോളജിൽ ടീച്ചർ ആദരിക്കപ്പെടുന്നതിൽ ഒരു പ്രത്യേക ഔചിത്യഭംഗിയുണ്ട്. ഈ ആദരം ഒരുക്കിയ ശിക്ഷർ, സുഹൃത്തുക്കൾ, സംഗീത ആസ്വാദകർ തുടങ്ങിയവരും അവരോട് സഹകരിക്കുന്ന മാധ്യമരംഗത്തെ അടക്കം സ്ഥാപനങ്ങളൊക്കെ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കേരളത്തിലെ സംഗീതാസ്വാദക സമൂഹത്തിന്റെ മനസിൽ ഓമനക്കുട്ടി ടീച്ചർക്കുള്ള സ്ഥാനം സമാനതകൾ ഇല്ലാത്തതാണ്. ഇത്രയേറെ പ്രതിഭാ സമ്പന്നതയുള്ള ഒരു സംഗീതജ്ഞ ഈ കേരളക്കരയിൽ ഉണ്ടെന്ന് രാജ്യത്തിനാകെ ചൂണ്ടിക്കാട്ടികൊടുക്കാൻ പത്മശ്രീ അവാർഡ് സഹായിക്കുന്നുണ്ട്.
കെ. ഓമനക്കുട്ടിയുടെ സംഗീത ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മകൾ കമലാലക്ഷ്മി രച്ചിച്ച ‘ഓമനത്തിങ്കൾ’ എന്ന പുസ്തകത്തിന്റെ മുഖചിത്രം മുഖ്യമന്ത്രി ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം ഗവ. വിമൻസ് കോളജ്, മലയാള മനോരമ തുടങ്ങിയവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സംഗീതസന്ധ്യയും അരങ്ങേറി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.