ഉത്തര്‍പ്രദേശില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലക്നൗവില്‍ നിരവധി കേസുകളില്‍ പ്രതിയായ ദീപക് വര്‍മ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയാണ് ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നീട് പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ കണ്ടെത്തി. നഗരമധ്യത്തില്‍ നടന്ന സംഭവം നാട്ടുകാരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അന്വേഷണത്തില്‍ പ്രതി ബൈക്കിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പിന്നാലെ പൊലീസ് 5 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ തുടങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെ പ്രതിയെ ദേവി ഖേഡ മേഖലയില്‍ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോള്‍ പ്രതി പൊലീസിനുനേരെ വെടിയുതിര്‍ത്തുവെന്നും പൊലീസ് അറിയിച്ചു. പോലീസ് തിരിച്ച് വെടിയുതിര്‍ത്തപ്പോള്‍ പ്രതിക്ക് നെഞ്ചില്‍ രണ്ട് തവണ വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നും ലക്നൗ ഡിസിപി പറഞ്ഞു.
ന?ഗരത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട 24 കാരനായ ദീപക് വര്‍മ. പീഡന കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.