ഒരു യാത്രക്കാരന് തോന്നിയ സംശയം, 30 വര്‍ഷങ്ങള്‍ക്കുശേഷം ഇരട്ട സഹോദരനേയും മാതാപിതാക്കളേയും കണ്ടുമുട്ടി ടാക്‌സി ഡ്രൈവര്‍, സിനിമാക്കഥപോലൊരു സംഭവം ഇങ്ങനെ

07:00 PM Feb 03, 2025 | Raj C

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വേര്‍പെട്ടുപോയ ഇരട്ട സഹോദരനെ കണ്ടുമുട്ടുന്ന കഥകള്‍ എത്രയോ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു കാര്യം നടന്നതിന്റെ അത്ഭുതത്തിലാണ് ചൈനയിലെ പെങ് എന്ന ടാക്‌സി ഡ്രൈവര്‍.

ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു ടാക്‌സി ഓടിച്ച് ജീവിതം നയിക്കുകയായിരുന്നു പെങ്. 2016-ല്‍ പെങ്, ഗുയാങ്ങില്‍ ടാക്‌സി ഓടിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു യാത്രക്കാരന്‍ ഇദ്ദേഹത്തോട് സുഹൃത്തിനെപ്പോലെ പെരുമാറി. യാത്രക്കാരന്റെ പരിചയത്തില്‍ ആദ്യം ആശയക്കുഴപ്പത്തിലായ പെങ്, ആ മനുഷ്യന്‍ തന്നെ മറ്റാരോ ആയി തെറ്റിദ്ധരിച്ചതാണെന്ന് മനസിലാക്കി.

ഈ യാത്രക്കാരനാണ് പെങ്ങിനെ ഇരട്ട സഹോദരനിലെത്തിക്കുന്നത്. അവരുടെ ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പെങ് പറഞ്ഞത് ഒരു കണ്ണാടിയില്‍ നോക്കുന്നത് പോലെയുളള സാമ്യതയായിരുന്നു തങ്ങളെന്നാണ്. ഡിഎന്‍എ ടെസ്റ്റിന്റെ പോലും ആവശ്യമില്ല. ഞങ്ങളുടെ സാമ്യം 90 ശതമാനമാണ്. അവരുടെ ശാരീരിക സമാനതകള്‍ക്കപ്പുറം, സഹോദരങ്ങളുടെ പല ശീലങ്ങളും ഒരുപോലെയായിരുന്നു. വേര്‍പിരിഞ്ഞ് ജീവിച്ചിട്ടും ഒരേ ദിവസം തന്നെ അസുഖം ബാധിച്ചതായും ഇരുവരും കണ്ടെത്തി.

അവരുടെ പുനഃസമാഗമമുണ്ടായിട്ടും, അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം തുടക്കത്തില്‍ വിജയിച്ചില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, രണ്ട് കുഞ്ഞുങ്ങളും ജനിച്ച് അധികം താമസിയാതെ മരിച്ചതായി ഇരട്ടകളുടെ അമ്മയോട് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് സഹോദരങ്ങളെ വിവിധ കുടുംബങ്ങള്‍ ദത്തെടുത്തു.

പെങ്ങിനെ ആദ്യം ഒരു ഡോക്ടര്‍ കൂട്ടിക്കൊണ്ടുപോയെങ്കിലും നിര്‍ത്താതെയുള്ള കരച്ചില്‍ കാരണം മറ്റൊരാള്‍ ദത്തെടുത്തു. അവരുടെ ഏകമകനായി വളര്‍ന്ന പെങ്ങ് 18-ാം വയസ്സില്‍ ഒരു ബന്ധുവഴിയാണ് ദത്തെടുത്ത വിവരം അറിഞ്ഞത്. തന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പെങ് ഒന്നിലധികം തവണ ശ്രമിച്ചിട്ടും വിജയിച്ചില്ല.

തന്റെ ഇരട്ടയുമായി കണ്ടുമുട്ടിയതോടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം വീണ്ടും നടത്തി. 2022 ഡിസംബറില്‍, കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പ്ലാറ്റ്ഫോമായ ബേബി കം ഹോമിലേക്ക് പെങ് തന്റെ വിശദാംശങ്ങള്‍ വീണ്ടും സമര്‍പ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം, ഡിസംബര്‍ 30-ന്, തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെയും രണ്ട് മൂത്ത സഹോദരിമാരെയും കണ്ടെത്തി.

പെങ് അവരെ കണ്ടുമുട്ടാന്‍ ഉത്സുകനായിരുന്നുവെങ്കിലും, ഇരട്ട സഹോദരന്‍ വൈകാരികമായി അതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞദിവസമാണ് ഒടുവില്‍ പെങ് തന്റെ മാതാപിതാക്കളെ നേരില്‍ കാണുന്നത്. ഉത്സവാഘോഷമെന്നപോലെയാണ് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പെങ്ങിനെ സ്വീകിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പെങ് ഇതേക്കുറിച്ച് പ്രതികരിച്ചു.

യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടുമുട്ടിയെങ്കിലും പെങ് തന്റെ വളര്‍ത്തു മാതാപിതാക്കളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. രണ്ടു കുടുംബവും തനിക്ക് ഒരുപോലെയാണെന്നാണ് പെങ്ങിന്റെ പ്രതികരണം.