
കൊച്ചി : ചോറ്റാനിക്കര ക്ഷേത്രനടത്തിപ്പിലെ വീഴ്ച സംബന്ധിച്ച പരാതി സ്വമേധയാ ഹരജിയായി സ്വീകരിച്ച് ഹൈകോടതി. ക്ഷേത്രം അലങ്കോലപ്പെട്ട അവസ്ഥയിലാണെന്നും അടുക്കളയടക്കമുള്ള മേഖലകൾ വൃത്തിഹീനമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും ചൂണ്ടിക്കാട്ടി തമ്പി തിലകൻ എന്നയാൾ അയച്ച പരാതിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സ്വമേധയാ ഹരജിയായി പരിഗണിച്ചത്.
ജീവനക്കാരുടെ മോശം പെരുമാറ്റവും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടും പൂജകളിലെ വീഴ്ചയുമടക്കം പരാതിയിലുണ്ട്. വിഷയത്തിൽ കോടതി കൊച്ചിൻ ദേവസ്വം ബോർഡ്, ചോറ്റാനിക്കര ദേവസ്വം തുടങ്ങിയവയുടെ വിശദീകരണംതേടി.
പരാതിക്കൊപ്പം ലഭിച്ച ചിത്രങ്ങളിൽനിന്ന് ക്ഷേത്ര പരിസരം വൃത്തിഹീനമാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കൊടിമരത്തിനടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നടത്തിപ്പ് കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയുണ്ടാകുന്നില്ല. വിജിലൻസ് വിങ്ങിന്റെ മേൽനോട്ടമില്ലായ്മയും പ്രശ്നമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കാനാവുന്ന നടപടികൾ അറിയിക്കാനാണ് ദേവസ്വത്തിനും ബോർഡിനും നിർദേശം നൽകിയത്. സെപ്റ്റംബർ ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.