+

ക്രിസ്മസ് അവധി ഇത്തവണ 10 അല്ല: സ്കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ  വിദ്യാർത്ഥികള്‍ക്ക് ഡിസംബറില്‍ സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി.

കൊച്ചി: ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ  വിദ്യാർത്ഥികള്‍ക്ക് ഡിസംബറില്‍ സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി.

 തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു. ഇപ്പോഴിതാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുകയാണ്.

സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 ന് അവസാനിക്കും.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ പൊതു അവധിയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു അവധി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13 ശനിയാഴ്ചയും അവധിയായിരിക്കും.

facebook twitter