സെറ്റ് പരീക്ഷ; അപേക്ഷ 28 വരെ

02:15 PM Nov 06, 2025 | Renjini kannur

കോഴിക്കോട്: ഹയർസെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണല്‍ ഹയർസെക്കൻഡറിയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരാകാനുമുള്ള അർഹതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) 2026 ജനുവരി സെഷന് ഇപ്പോള്‍ അപേക്ഷിക്കാം.

നവംബർ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. തുക ഓണ്‍ലൈനായി 30 വരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകള്‍ തിരുത്താൻ 29 മുതല്‍ ഡിസംബർ ഒന്നുവരെ സൗകര്യം ലഭിക്കും.lbsedp.lbscentre.in/setjan26/ ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 1300 രൂപയാണ് അപേക്ഷാഫീസ്. (പട്ടികവിഭാഗക്കാർക്കും/ഭിന്നശേഷിക്കാർക്ക് 750 രൂപ).

മൊത്തം 31 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡുള്ള മാസ്റ്റേഴ്സ് ബിരുദം. കൂടാതെ, ഏതെങ്കിലുംവിഷയത്തില്‍ അംഗീകൃത ബിഎഡും ആണ് യോഗ്യത. അപേക്ഷിക്കാൻ പ്രായപരിധിയില്ല.

പരീക്ഷ നടത്തുന്ന വിഷയങ്ങള്‍

അറബിക്
ബോട്ടണി
കെമിസ്ട്രി
കൊമേഴ്സ്

ഇക്കണോമിക്സ്
ഇംഗ്ലീഷ്
ഫ്രഞ്ച്
ജ്യോഗ്രഫി
ജിയോളജി
ജർമൻ
ഹിന്ദി
ഹിസ്റ്ററി

ഹോംസയൻസ്
ജേണലിസം
ലാറ്റിൻ
മലയാളം
മാത്തമാറ്റിക്സ്
മ്യൂസിക്
ഫിലോസഫി
ഫിസിക്സ്

പൊളിറ്റിക്കല്‍ സയൻസ്
സൈക്കോളജി
റഷ്യൻ
സംസ്കൃതം
സോഷ്യല്‍ വർക്ക്
സോഷ്യോളജി

സ്റ്റാറ്റിസ്റ്റിക്സ്
സിറിയക്
ഉർദു
സുവോളജി
ബയോടെക്നോളജി.
യോഗ്യതയിലെ ഇളവുകള്‍

* കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യല്‍ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവർക്ക് ബിഎഡ് നിർബന്ധമില്ല.

* പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദമുള്ള ബിഎഡ് കോഴ്സ് അവസാനവർഷത്തില്‍ പഠിക്കുന്നവർ; ബിഎഡ് ബിരുദമുള്ള, അവസാനവർഷ പിജി കോഴ്സില്‍ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. നിശ്ചിത ഡിക്ലറേഷൻ നല്‍കണം. ഇവർ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി, പിജി/ബിഎഡ് പരീക്ഷയുടെ യോഗ്യത, സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതിമുതല്‍ ഒരു വർഷത്തിനകം നേടണം. ഇല്ലെങ്കില്‍ അവർ ഈ ചാൻസില്‍ പരീക്ഷ ജയിച്ചതായി കണക്കാക്കില്ല.

* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക്; റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനില്‍നിന്ന്‌ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാർക്കോടെ എംഎസ്‌സിഎഡ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനില്‍നിന്ന്‌ ലൈഫ് സയൻസസ് എംഎസ്‌സിഎഡ് ഉള്ളവർക്ക് അപേക്ഷിക്കാം (50 ശതമാനം മാർക്ക് വേണം)

* ബിഎഡും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ എംഎയും (50 ശതമാനം മാർക്കോടെ) ഉള്ളവർക്ക് ഇംഗ്ലീഷിന് അപേക്ഷിക്കാം
* ബിഎഡ് ബിരുദം ഇല്ലാത്ത അറബിക്/ഉർദു/ഹിന്ദി ഡിഎല്‍എഡ്/എല്‍ടിടിസി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
* നാച്വറല്‍ സയൻസില്‍ ബിഎഡ് ഉള്ള, ബയോടെക്നോളജി മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് ഉള്ളവർക്ക് (50 ശതമാനം മാർക്കോടെ) ബയോടെക്നോളജിയില്‍

അപേക്ഷിക്കാം

* കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയുടെയെങ്കിലും അംഗീകാരമില്ലാത്ത ഓപ്പണ്‍ സർവകലാശാലകളില്‍നിന്ന്‌ കറസ്പോണ്ടൻസ് കോഴ്സ് വഴി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല
* വിഷയങ്ങള്‍ (പ്രോസ്പെക്ടസ് ക്ലോസ് 2.2) അല്ലാതെ മറ്റുവിഷയങ്ങളില്‍ യോഗ്യത നേടിയവർ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലയില്‍നിന്ന്‌ ഇക്വലൻസി/എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നല്‍കേണ്ടിവരും

യോഗ്യത നേടാൻ

പരീക്ഷയില്‍ യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും രണ്ടു പേപ്പറിനുംകൂടി 48-ഉം ശതമാനം മാർക്ക് വേണം. ഒബിസിക്കാർക്ക് ഇത് യഥാക്രമം 35 ശതമാനം വീതവും 45 ശതമാനവും പട്ടിക/ഭിന്നശേഷിക്കാർക്ക് 35 ശതമാനം വീതവും 40 ശതമാനവും ആയിരിക്കും.