പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന

08:53 PM Dec 19, 2025 | Neha Nair

പൗരത്വം ഉപേക്ഷിച്ച്  മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്.  2020 മുതൽ ഇതുവരെ ഒൻപത് ലക്ഷത്തിലേറെപ്പേർ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്ക്. 2022 മുതൽ പ്രതിവർഷം രണ്ടുലക്ഷത്തിലേറെപ്പേർ വീതം പാസ്പോർട്ട് സറണ്ടർ ചെയ്യുന്നുവെന്നാണ് പാർലമെൻറിൻറെ ശൈത്യകാല സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ട വിവരം. 2011നും 2024നും ഇടയിൽ 20 ലക്ഷത്തിലേറെപ്പേർ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ് പ്രകടമായ വളർച്ചയുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് ശേഷവും ഇന്ത്യയിൽ നിന്ന് നാടുവിടുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. 

ഇത്തരത്തിൽ ലക്ഷങ്ങൾ പൗരത്വം ഉപേക്ഷിച്ച് നാടുവിടാൻ കാരണമെന്തെന്ന ചോദ്യത്തിന് അതൊക്കെ തീർത്തും സ്വകാര്യമായ കാര്യങ്ങളാണെന്നും വ്യക്തികൾക്ക് മാത്രമേ അറിയുകയുള്ളൂവെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിൻറെ മറുപടി. ആഗോള തൊഴിൽ സാഹചര്യത്തെയും സാധ്യതകളെയും ഇന്ത്യ മനസിലാക്കുന്നുണ്ടെന്നും മന്ത്രാലയത്തിൻറെ മറുപടിയിൽ ഉണ്ട്. യു.കെ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് ആളുകൾ പൗരത്വം ഉപേക്ഷിച്ച് കുടിയേറുന്നത്.

അതേസമയം, ആളുകൾ മെച്ചപ്പെട്ട ജീവിതവും തൊഴിൽ സാഹചര്യങ്ങളും നോക്കി മറ്റു രാജ്യങ്ങളിലേക്ക് ചേക്കാറാനുള്ള പരിശ്രമം 1970കൾ മുതൽ തീവ്രമായി നടത്തുന്നുണ്ടെന്നും പതിറ്റാണ്ടുകൾ കഴിയുമ്പോൾ അത് കൂടുതൽ കരുത്താർജിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020കളിലാണ് ഇത് പാരമ്യത്തിലെത്തുന്നെതന്നും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 1970കൾ മുതൽ ഡോക്ടർമാരും എഞ്ചിനീയർമാരുമാണ് മുൻപ് രാജ്യം വിടുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നതെങ്കിൽ ഇന്ന് സമ്പന്നരാണ് പൗരത്വം ഉപേക്ഷിക്കുന്നതിൽ മുന്നിൽ. 

ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കാത്തതാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന വാദവും ചിലർ ഉന്നയിക്കുന്നു. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ അതാണ് എല്ലാത്തരത്തിലും മികച്ചതെന്ന ചിന്ത ആളുകളിലുണ്ടാകുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വളരെ വേദനയോടെയാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്നും ഇരട്ട പൗരത്വം സർക്കാർ ഗൗരവമായി പരിഗണിക്കമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുന്നയിക്കുന്നവരും കുറവല്ല. 

ഇന്ത്യൻ നിയമം അനുസരിച്ച് ഇന്ത്യൻ പൗരനായ ഒരാൾ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ ഇന്ത്യയിലെ പൗരത്വം സ്വാഭാവികമായും നഷ്ടപ്പെടും. ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശവും സാമൂഹിക–സുരക്ഷാ ആനുകൂല്യങ്ങളും അനിശ്ചിതകാലം രാജ്യത്ത് താമസിക്കാനുള്ള അവകാശവും നഷ്ടമാകും. ഇതിന് പുറമെ പൊതുമേഖല ജോലിയും ലഭ്യമാകില്ല. ഓവർസീസ് പൗരത്വമുള്ളവർക്ക് വീസരഹിത യാത്രകൾ നടത്താനും സാമ്പത്തിക അവകാശങ്ങളും ലഭിക്കുമെങ്കിലും വോട്ട് ചെയ്യാനോ, തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഭരണഘടനാ പദവികൾ വഹിക്കാനോ സാധ്യമല്ല.