ന്യൂഡൽഹി: ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു.
സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയാണെന്നും തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുന്നത് ലാഘവത്തോടെ കാണാനാകില്ലെന്നും സികെ ജാനു പറഞ്ഞു. ഇത്തരം ചർച്ചകൾ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥകൾ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും സികെ ജാനു പറഞ്ഞു.