കേരള സര്‍വകലാശാല യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘം ചേരല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവ ചുമത്തിയാണ് കേസ്.
ഇന്നലെയാണ് യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. ഏഴ് കെഎസ്യു പ്രവര്‍ത്തകര്‍ക്കും അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടയില്‍ പൊലീസ് ലാത്തി വീശിയതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഒടുവില്‍ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ക്യാമ്പസിന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. പൊലീസ് സംരക്ഷണം തേടുന്നുവെന്ന് പറഞ്ഞായിരുന്നു കൂവി വിളിച്ചതെന്നാണ് കെഎസ്യുവിന്റെ ആരോപണം.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ എറിഞ്ഞ കല്ലുകൊണ്ട് കെഎസ്യു സംസ്ഥാന ഭാരവാഹികള്‍ക്കുള്‍പ്പെടെ തലയ്ക്ക് പരിക്കേറ്റെന്ന് കെഎസ്യു ആരോപിച്ചു. അതേസമയം പൊലീസിന്റെ ലാത്തിയടിയേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധനേശിന്റെ തലയ്ക്ക് പരിക്കേറ്റതായി എസ്എഫ്ഐയും ആരോപിച്ചു. 13 വര്‍ഷത്തിനുശേഷമാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കേരള സര്‍വകലാശാലയില്‍ കെഎസ്യു ജയിക്കുന്നത്. ഈ വിജയാഹ്ലാദത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ എസ്എഫ്ഐ ആക്രമിച്ചുവെന്നാണ് കെഎസ്യു ആരോപണം.
കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം; കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
07:23 AM Apr 11, 2025
| Suchithra Sivadas