അമ്മയെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം 9ാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു ; യുവാവിന് 30 വര്‍ഷം തടവും പിഴയും

07:52 AM Nov 02, 2025 | Suchithra Sivadas


ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ സ്പെഷല്‍ കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തി(26)നെയാണ് ജഡ്ജി സി ആര്‍ ബിജുകുമാര്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്കഗുളികള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതി ലൈംഗികാതിക്രമം നടത്തിയത്. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.