
എറണാകുളം: മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പഴയ വസ്ത്രങ്ങള്‍ക്കൊപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കിട്ടി . കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡ് കൈതാരം കൊച്ചമ്പലം ഭാഗത്ത് പതിവുപോലെ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയതാണ് ഹരിതകര്‍മ സേനാംഗങ്ങളായ ലതയും വിനീതയും ചിത്തിരയും.
കൊച്ചമ്പലം നെല്ക്കുന്നശ്ശേരി ബാദേല്‍ വീട്ടില്‍ റോഷ്നി വില്‍സന്റെ വീട്ടില്‍നിന്നും പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം കുറച്ചു പഴയവസ്ത്രങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നു. മറ്റു വീടുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരിച്ചതിനുശേഷം വാര്‍ഡില്‍ തന്നെയുള്ള കമ്യൂണിറ്റി ഹാളിലെത്തി ഭക്ഷണം കഴിക്കാനെത്തിയതാണ് മൂവരും. അതിനിടയിലാണ് ലത തുണികള്‍ക്കിടയിലുണ്ടായിരുന്ന സ്വര്‍ണാഭരണപ്പെട്ടി കാണുന്നത്.
തുറന്നുനോക്കിയപ്പോള്‍ പാദസരവും മാലയും കമ്മലും കൈച്ചെയിനുമൊക്കെയായി അഞ്ചര പവനോളമുണ്ടായിരുന്നു. ഉരച്ചുനോക്കിയപ്പോളാണ് സ്വര്‍ണമാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ വാര്‍ഡംഗമായ സിന്ധുനാരായണന്കുട്ടിയെ വിവരം അറിയിച്ചു. മൂവരും ഭക്ഷണംകഴിക്കാന്‍ നില്ക്കാതെതന്നെ പഴയവസ്ത്രങ്ങള്‍ വാങ്ങിയ വീട്ടിലേക്ക് ഓടുകയായിരുന്നു. ഈ സമയം സ്വര്‍ണാഭരണപ്പെട്ടി കാണാതെ കരഞ്ഞ് വിഷമിച്ചു നില്ക്കുന്ന റോഷ്നി വില്സന് വീടിന് മുന്പില്ത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. സ്വര്‍ണാഭരണപ്പെട്ടി കൈമാറിയപ്പോഴാണ് സമാധാനമായതെന്ന് ലതയും വിനീതയും ചിത്തിരയും പറഞ്ഞു.
ഹരിതകര്‍മസേനയുടെ ആരംഭകാലം മുതല്‍ ലത പ്രവര്‍ത്തിക്കുന്നുണ്ട്. വിനീതയും ചിത്തിരയും അടുത്തയിടെയാണ് ചേര്‍ന്നത്. കൈതാരം ബ്ലോക്കുപടി കൃഷിഭവന് റോഡിനുസമീപമാണ് മൂവരും താമസിക്കുന്നത്.