+

മുഖ്യമന്ത്രി വരുന്നതിനാൽ കടകൾ തുറക്കരു​തെന്ന് ഉത്തരവ്​; ‘കഞ്ഞികുടി മുട്ടിക്കാതെ ഈ തിരുവെഴുന്നെള്ളത്ത്‌ നടത്താൻ പറ്റില്ല എന്നുണ്ടോ?’ -വി.ടി. ബൽറാം

ആലപ്പുഴ ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാൽ ബീച്ചിലെ കച്ചവട സ്ഥാപനങ്ങൾ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാർക്ക് നോട്ടീസ് . കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് ഉണ്ടാകുമെന്നും പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾ വെള്ളിയാഴ്ച  പൂർണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവ്.

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാൽ ബീച്ചിലെ കച്ചവട സ്ഥാപനങ്ങൾ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാർക്ക് നോട്ടീസ് . കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് ഉണ്ടാകുമെന്നും പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾ വെള്ളിയാഴ്ച  പൂർണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവ്.

ഇതിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തുവന്നു. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത്‌ നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടിൽ വരുമ്പോൾ അവിടുള്ളവർ സന്തോഷപൂർവ്വം അദ്ദേഹത്തെ വരവേൽക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയിൽ ഉണ്ടാവേണ്ടത്. സന്ദർശിക്കുന്ന വ്യക്തിയോട് ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങൾ ആണ് ഉള്ളതെങ്കിൽ അഥവാ സന്ദർശനം കൊണ്ട് നാട്ടുകാർക്ക് ഏതെങ്കിലും രീതിയിൽ ഗുണമാണുണ്ടാവുന്നതെങ്കിൽ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും.

 അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കിൽ സന്ദർശനവേളയിൽ നാട്ടുകാർ കടകളടച്ചും മറ്റും ഹർത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത്‌ നടത്താൻ പറ്റില്ല എന്നുണ്ടോ?’ -ബൽറാം ചോദിച്ചു.

പൊലീസ് അറിയിപ്പിൽനിന്ന്:

11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആലപ്പുഴ ബീച്ചിൽ KPMS ൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയിൽ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂർണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.

സ്റ്റേഷൻ ഹൗസ് ഓഫിസർ സൗത്ത് പൊലീസ് സ്റ്റേഷൻ

സ്ഥലം സ്ഥലം : ആലപ്പുഴ

തിയതി :10.04.2025
 

facebook twitter