കൊച്ചി : കേരളത്തിലെ 2025-26 ലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) പ്രോഗ്രാം പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ആണ് പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിച്ച് പ്രവേശനപ്പരീക്ഷ നടത്തി സര്‍ക്കാര്‍ സീറ്റിലേക്ക് അലോട്മെന്റ് നടത്തുന്നത് എല്‍ബിഎസ് സെന്റര്‍ ആയിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, ഗവണ്‍മെന്റ് കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവയിലെ നിശ്ചിത സീറ്റുകളിലേക്കാണ് പ്രവേശനം. 2024-25-ല്‍ മൂന്ന് സര്‍ക്കാര്‍, രണ്ട് എയ്ഡഡ്, അഞ്ച് കോസ്റ്റ് ഷെയറിങ്, 45 സ്വകാര്യ സ്വാശ്രയ കോളേജുകള്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നു. പട്ടിക www.lbscentre.in ല്‍ എംസിഎ പ്രവേശന വിജ്ഞാപന ലിങ്കിലുള്ള പ്രോസ്പക്ടസില്‍ ലഭിക്കും. ഈ വര്‍ഷത്തെ പട്ടിക പിന്നീട് പ്രസിദ്ധപ്പെടുത്തും.
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശനപ്പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യുന്ന സീറ്റുകളാണ് സര്‍ക്കാര്‍സീറ്റുകള്‍.
മാനേജ്മെന്റ് സീറ്റുകള്‍ : എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളില്‍ ബന്ധപ്പെട്ട മാനേജ്‌മെന്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം നികത്തുന്ന സീറ്റുകള്‍.
ലാപ്സ്ഡ് സീറ്റുകള്‍ : എല്‍ബിഎസ് സെന്റര്‍ അലോട്മെന്റ് പൂര്‍ത്തിയാക്കിയശേഷവും ഒഴിഞ്ഞുകിടക്കുന്നതും സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനികത്താവുന്നതുമായ സീറ്റുകളാണിവ.
റാങ്ക് പട്ടിക തയ്യാറാക്കിയശേഷം കേന്ദ്രീകൃത അലോട്മെന്റ് വഴി ഓപ്ഷനുകള്‍ സ്വീകരിച്ച് എല്‍ബിഎസ് സെന്റര്‍ സര്‍ക്കാര്‍ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്മെന്റ് നടത്തും. ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബിരുദം (ബിഇ/ബിടെക്/ബിഎസ്സി/ബികോം/ബിഎ/ബിവൊക്/ബിസിഎ തുടങ്ങിയവയാകാം) നേടിയിരിക്കണം. യോഗ്യതാകോഴ്സില്‍ 50 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 45 ശതമാനം) ഉണ്ടായിരിക്കണം. മാര്‍ക്ക് അടുത്ത പൂര്‍ണസംഖ്യയായി ക്രമപ്പെടുത്തി പരിഗണിക്കുന്നതല്ല.
പ്ലസ്ടുതലത്തിലോ ബിരുദപ്രോഗ്രാമിലോ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്നത് അഭികാമ്യമാണ്. മാത്തമാറ്റിക്‌സ് പശ്ചാത്തലമില്ലാത്തവരുടെ കാര്യത്തില്‍, ബന്ധപ്പെട്ട സര്‍വകലാശാല/സ്ഥാപനം നിര്‍ബന്ധമായും മാത്തമാറ്റിക്‌സിലെ ബ്രിഡ്ജ് കോഴ്സ് രൂപപ്പെടുത്തണം. യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അധിക ബ്രിഡ്ജ് കോഴ്സുകള്‍ കംപ്യൂട്ടര്‍ വിഷയങ്ങള്‍ക്കും ക്രമീകരിക്കേണ്ടതുണ്ട്.
യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷപരീക്ഷ ഈ വര്‍ഷം എഴുതുന്നവര്‍ക്കും, എഴുതി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. അവര്‍, യോഗ്യതനേടിയതിന്റെ രേഖകള്‍ പ്രവേശനസമയത്ത് ഹാജരാക്കണം.
ഓ.എം.ആര്‍ ഉത്തരക്കടലാസ് ഉപയോഗിച്ചുള്ള ഓഫ്‌ലൈന്‍ പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാ തീയതി പിന്നീടറിയിക്കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 120 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. മാതൃകാ ചോദ്യങ്ങള്‍ സൈറ്റില്‍ ലഭിക്കും.
പരീക്ഷയില്‍ പൂജ്യം മാര്‍ക്കില്‍ കൂടുതല്‍ ലഭിക്കുന്നവരുടെ പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് എംസിഎ പ്രവേശനം. പ്രവേശനപ്പരീക്ഷയില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് തുല്യമാര്‍ക്ക് വന്നാല്‍ പ്രവേശനപ്പരീക്ഷയില്‍ കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവരെ, ആ ക്രമത്തില്‍ പരിഗണിച്ച് തുല്യത ഒഴിവാക്കും. പിന്നെയും തുല്യത തുടര്‍ന്നാല്‍, പ്രായംകൂടിയ പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.
lbscentre.in ലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്ക് വഴി നല്‍കാം. അപേക്ഷാഫീസ് 1300 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 650 രൂപ. അപേക്ഷ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ചലാന്‍ വഴി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കാം. ഓണ്‍ലൈനായും അടയ്ക്കാം. അപേക്ഷാ ഫീസ് മേയ് 20 വരെ അടയ്ക്കാം. അപേക്ഷ പൂര്‍ത്തിയാക്കാന്‍ 22 വരെ സൗകര്യമുണ്ടാകും.