കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതി. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.
സിഎംആര്‍എല്‍, എക്സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത്. അതേസമയം സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം.
കുറ്റപത്രം നല്‍കിയെന്ന് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രത്യേക സെഷന്‍സ് കോടതിയിലാണ് നല്‍കിയതെന്നും എസ്എഫ്ഐഒ അറിയിച്ചു. എന്നാല്‍ കുറ്റപത്രം കോടതി അംഗീകരിച്ചിട്ടില്ലെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ വാദിച്ചു. കുറ്റപത്രം നല്‍കില്ലെന്നാണ് എസ്എഫ്ഐഒ നല്‍കിയ ഉറപ്പെന്ന് സിഎംആര്‍എല്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് വാക്കാല്‍ ഉറപ്പ് നല്‍കിയതെന്ന് സിഎംആര്‍എലും വ്യക്തമാക്കി.
ഇക്കാര്യം മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തുവെന്നും സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. ഇതില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് കോടതിയലക്ഷ്യമാണെന്നും കുറ്റപത്രം നല്‍കിയത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സിഎംആര്‍എല്‍ വ്യക്തമാക്കി. കുറ്റപത്രം അനുസരിച്ച് ഇഡിയുടെ അന്വേഷണവും ആരംഭിക്കുമെന്ന് സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ മാധ്യമ വാര്‍ത്തകളെ ആശ്രയിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൊച്ചിയില്‍ കുറ്റപത്രം നല്‍കിയാല്‍ ഹര്‍ജി എങ്ങനെ പരിഗണിക്കാനാകുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ഹര്‍ജി ആദ്യ ബെഞ്ചിലേക്ക് വിടണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെടുകയും എന്നാല്‍ ഹര്‍ജി ആദ്യ ബെഞ്ചിലേക്ക് വിടുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് കേസ് ആദ്യ ബെഞ്ചിലേക്ക് കൈമാറി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇക്കാര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഏപ്രില്‍ 21നായിരിക്കും ഹൈക്കോടതി പരിഗണിക്കുക.