പേരാവൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനിട്ട കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാർ മർദിച്ചതായി പരാതി. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. വിളക്കോട് സ്വദേശിയായ വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികളായ ഏതാനും പേർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒൻപതാം ക്ലാസുകാരന്റെ സഹപാഠി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലിട്ട പോസ്റ്റിൽ പത്താം ക്ലാസ് വിദ്യാർഥിയിട്ട കമന്റാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വാക്കേറ്റമുണ്ടായപ്പോൾ തർക്കം തീർക്കാൻ ഇടപെട്ട വിദ്യാർഥിയെയാണ് എട്ടോളം പേർ ചേർന്ന് മർദിച്ചത്. അധ്യാപകർ ഇരുകൂട്ടരെയും പിടിച്ചുമാറ്റി. മർദനത്തിനിടെ ഒൻപതാം ക്ലാസുകാരന്റെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. സംഭവമറിഞ്ഞ് പിതാവെത്തിയാണ് വിദ്യാർഥിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിന്റെ പരാതിയിൽ പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി.