ഇന്ത്യയിൽ 2047നുള്ളിൽ കൈവരിക്കേണ്ട പ്രമേഹ പരിചരണ പ്രദ്ധതികൾക്ക് രൂപം നൽകി പ്രമേഹ ഗവേഷകരുടെ സമ്മേളനം.

07:48 PM Nov 09, 2025 | Desk Kerala

കൊച്ചി,: 2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സമയമാകുമ്പോഴേക്കും കൈവരിക്കേണ്ട പ്രമേഹ പ്രതിരോധ, ചികിത്സാ  പദ്ധതികൾക്കുള്ള ഒരു രൂപരേഖ തയ്യാറാക്കി റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ഞടടഉക) യുടെ നാല് ദിവസം നീണ്ടുനിന്ന 53-ാമത് ദേശീയ സമ്മേളനം ഞായറാഴ്ച കൊച്ചിയിൽ സമാപിച്ചു. പകർച്ചവ്യാധി കണക്കെ വർധിച്ചുവരുന്ന അവസ്ഥയിൽ നിന്നും ഈ രോഗത്തെ നിയന്ത്രിക്കുന്നതിനായി നിരവധി മേഖലകളിൽ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ വിഭാവനം ചെയ്തുള്ളതാണ് പുതിയ പദ്ധതികൾ.

രാജ്യത്തെ 50% പ്രമേഹരോഗികളും നിലവിൽ തങ്ങൾക്ക് രോഗമുണ്ടെന്ന കാര്യം അറിയുന്നില്ല എന്നതിനാൽ തന്നെ രാജ്യത്തെ ജനസംഖ്യയുടെ 80% വരുന്ന പ്രായപൂർത്തിയായവരിൽ  രോഗത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കാൻ, രാജ്യത്തുടനീളം സാന്നിദ്ധ്യമുള്ള സംഘടന എന്ന നിലയിൽ ആർഎസ്എസ്ഡിഐ  ശ്രമിക്കുമെന്ന് സമ്മേളനത്തിന്റെ സമാപന ദിവസം ദേശീയ പ്രസിഡന്റ് ഡോ. അനുജ് മഹേശ്വരി പറഞ്ഞു.

ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള തന്ത്രങ്ങളിൽ രോഗനിർണയം നടത്താത്ത കേസുകൾ തിരിച്ചറിയുന്നതിനായി വ്യാപകമായ പരിശോധന, രോഗം സംബന്ധിച്ച മാധ്യമങ്ങളിലൂടെ ശക്തമായ പൊതുജന വിദ്യാഭ്യാസ പരിപാടികൾ, സ്ഥിരമായുള്ള നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തെ ലക്ഷ്യം, ജനസംഖ്യയുടെ 60% പേരിലും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുകയും, പ്രമേഹരോഗികളിലെ  ഒയഅ1ഇ  7% ൽ താഴെ എത്തിക്കുകയുമാണ്.

മരുന്നുകളുടെ ലഭ്യത, സമഗ്രമായ മാനേജ്‌മെന്റ്, രോഗികളുടെ ബോധവൽക്കരണം എന്നിവയാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. മൂന്നാമത്തെ ലക്ഷ്യം പ്രമേഹം മൂലമുണ്ടാകുന്ന സങ്കീർണതകൾ തടയുക എന്നതാണ്. ഇതിൽ ഒരു പ്രധാന ലക്ഷ്യം  കൈകാലുകൾ മുറിച്ചുമാറ്റൽ, അന്ധത എന്നിവയുടെ നിരക്ക് പകുതിയായി കുറയ്ക്കുക എന്നതാണ്. ഇതിനായി, റെറ്റിനോപ്പതി, കാൽ പരിശോധന എന്നിവ സാർവത്രികമാക്കാനാണ്  ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടെത്തിയ സങ്കീർണതകൾക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിന് നേരത്തെയുള്ള ഇടപെടലും റെറ്റിനോപ്പതി, കാൽ രോഗങ്ങൾ, വൃക്കസംബന്ധമായ സങ്കീർണതകൾ എന്നിവ ഉൾപ്പെടുന്ന സംയോജിത പരിചരണവുമാണ് പദ്ധതിയിലുള്ള മറ്റ് നടപടികൾ.

ഡയാലിസിസ് ആരംഭിക്കുന്നത് 25 വർഷത്തേക്ക് വൈകിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നേരത്തെ കണ്ടെത്തി ശക്തമായ മാനേജ്‌മെന്റും വഴി വൃക്കകളുടെ പ്രവർത്തനം സംരക്ഷിക്കുന്നത് ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുകയും ചെയ്യും. അഞ്ചാമത്തെ പ്രധാന ലക്ഷ്യം പ്രാഥമികാരോഗ്യസംരക്ഷണവും ഔട്ട് റീച്ച് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി, കൃത്യമായ സ്‌ക്രീനിംഗ്, സമൂഹ പിന്തുണ എന്നിവ വഴി ലിംഗപരമായതും ഗ്രാമ-നഗര വേർതിരിവുള്ളതുമായ അസമത്വങ്ങൾ ഇല്ലാതാക്കുക എന്നതാണ്.

ഈ വർഷം തന്നെ ഈ പദ്ധതികൾക്ക്  അടിത്തറ പാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ ശക്തിയും സജ്ജമാകും. 2028, 2029 വർഷങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുകയും അതിനടുത്ത വർഷം തന്നെ വലിയ തോതിലുള്ള പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. 2031-35 കാലയളവിൽ രോഗപ്രതിരോധത്തിനായി തെളിയിക്കപ്പെട്ട പരിപാടികൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കും.

2036-2040 കാലയളവിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സംരംഭങ്ങൾ നടപ്പിലാക്കും. അവസാന ഘട്ടത്തിൽ 2047 വരെ ഈ രംഗത്തെ അന്താരാഷ്ട്ര സഹകരണവും നേതൃത്വവും ഉറപ്പാക്കും. ഈ വിപുലീകരണ കാലയളവ് ഇന്ത്യയെ ആഗോളതലത്തിൽ പ്രമേഹ പരിചരണ സംവിധാനങ്ങളുടെ ഒരു മാതൃകയാക്കി മാറ്റുമെന്ന് ഡോ. അനുജ് പറഞ്ഞു.

ഉച്ചക്ക് നടന്ന സമാപന ചടങ്ങിൽ ആർഎസ്എസ്ഡിഐ പ്രസിഡണ്ട് ഡോ. അനൂജ് മഹേശ്വരി, നിയുക്ത പ്രസിഡണ്ട് ഡോ. സുനിൽ ഗുപ്ത, മുൻ പ്രസിഡണ്ട് ഡോ. വിജയ് വിശ്വനാഥൻ, സംഘാടക സമിതി ചെയർമാൻ ഡോ.ജ്യോതിദേവ് കേശവദേവ്, സെക്രട്ടറി ഡോ. അനിതാ നമ്പ്യാർ, ട്രഷറർ ഡോ. റഫീഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു.