പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലുള്ള വസതിയിലാണ് യോഗം ചേരുക.
ഇന്ത്യ-പാക് സംഘര്‍ഷം, വോട്ടര്‍പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയ്ക്കെതിരെ യുഎസ് തീരുവ ചുമത്തല്‍, സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതടക്കം ചര്‍ച്ചയാകും. യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതിനാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ജൂലൈ 21-നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഉപനേതാക്കള്‍, പാര്‍ട്ടി ചീഫ് വിപ്പുമാര്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 21വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുക. കൂടുതല്‍ ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.