+

സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണം : വി ഡി സതീശൻ

സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എന്തൊരു സാമൂഹിക വിരുദ്ധ പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്നും വി ഡി സതീശൻ പറ‍ഞ്ഞു


കാസർകോട്: സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എന്തൊരു സാമൂഹിക വിരുദ്ധ പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്നും വി ഡി സതീശൻ പറ‍ഞ്ഞു . സി.പി.എം സ്‌പോൺസർ ചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തിൽ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് . ഇന്നലെ കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാൻ എത്തിയ പൊലീസിനെയും മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചെ എറണാകുളം ബാർ അസോസിയേഷൻ പ്രവർത്തകർ അവരുടെ വാർഷിക ആഘോഷത്തിന് തയാറാക്കി വച്ചിരുന്ന ഭക്ഷണം ഒരു സംഘം എസ്.എഫ്.ഐക്കാർ മുഴുവൻ കഴിച്ച ശേഷം അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. വാർഷികം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയ സംഘം ബഹളമുണ്ടാക്കുകയായിരുന്നു. ഇതേത്തുടർന്ന് കൂട്ട അടിയായി. അഭിഭാഷകർ ഉൾപ്പെടെ പത്തോളം പേർ ആശുപത്രിയിലാണ്. എറണാകുളത്ത് നടന്നത് രാഷ്ട്രീയ സംഘർഷമല്ല. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന അഭിഭാഷകരിൽ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയന്റെ നേതാക്കളുമുണ്ട്. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കളമശേരിയിൽ പോളിടെക്‌നിക്കിലും ഉൾപ്പെടെ എവിടെ മയക്കു മരുന്ന് പിടിച്ചാലും അതിൽ എസ്.എഫ്.ഐക്കാരുണ്ടാകും. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ കൊലപാതകത്തിലും കോട്ടയത്ത് നഴ്‌സിങ് വിദ്യാർത്ഥിയുടെ ശരീരം കോമ്പസ് കൊണ്ട് കുത്തിക്കീറി ഫെവികോൾ ഒഴിച്ച സംഭവത്തിലും ഉൾപ്പെടെ എല്ലാ സമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഈ വിദ്യാർത്ഥി സംഘടനയാണ്. എസ്.എഫ്.ഐയെ സി.പി.എം കയറൂരി വിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ കണ്ണിയായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. രാഷ്ട്രീയ രക്ഷാകർതൃത്വം നൽകി പുതിയൊരു തലമുറയെ സി.പി.എം ക്രിമിനലുകളാക്കി മാറ്റുകയാണ്. ഈ നടപടിയിൽ നിന്നും സി.പി.എം ദയവു ചെയ്ത് പിന്മാറണം. സ്വന്തം സംഘടനയിൽപ്പെട്ട വിദ്യാർത്ഥികളോട് നശിച്ചു പോകരുതെന്നും സി.പി.എം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാലക്കാട് നഗരസഭയുടെ കെട്ടിടത്തിന് ആർ.എസ്.എസ് നേതാവിന്റെ പേരിടുന്ന വിഷയത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം ശക്തിയായി പ്രതികരിക്കും. അഹമ്മദാബാദ് ഉൾപ്പെടെ എല്ലായിടത്തും ഇതാണ് നടക്കുന്നത്. അഹമ്മദാബാദിൽ ഗാന്ധിജിയുടെ സ്മാരകത്തേക്കാൾ ബി.ജെ.പി കൂടുതൽ സംരക്ഷിക്കുന്നത് സവർക്കർ കിടന്ന ജയിലിനെയാണ്. ചരിത്രം തിരുത്തി എഴുതാൻ ശ്രമിക്കുകയും സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തിയ അഞ്ചാപത്തികളെ രാഷ്ട്രനേതാക്കളായി ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ് സംഘ്പരിവാർ. ഈ ഫാസിസ്റ്റ് സംഘടനയെ എല്ലാവരും ചേർന്ന് എതിർക്കണം. എന്നാൽ അവർ ഫാസിസ്റ്റും നവഫാസിസ്റ്റും അല്ലെന്നു പറഞ്ഞ് സി.പി.എം അവരെ വെള്ള പൂശാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്. 

കോൺഗ്രസ് പുനസംഘടന സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് ദേശീയ നേതൃത്വം കൈക്കൊള്ളും. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെയും കെ.പി.സി.സി അധ്യക്ഷനെയും ദയവു ചെയ്ത് മാധ്യമങ്ങൾ തീരുമാനിക്കരുത്. അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്ക് തരണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

facebook twitter