
ബലാത്സംഗ കേസില്‍ ഒളിവിലുള്ള രാഹുല്‍ മങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്.
കഴിഞ്ഞ 11 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ബെംഗളൂരുവില്‍ രാഹുല്‍ ഒളിവില്‍ കഴിയുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു കേസില്‍ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.