നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ 2025-ലെ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി-യുജി) സ്കോർ പ്രഖ്യാപനത്തിനുശേഷമുള്ള തുടർനടപടികൾ, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനതലത്തിലാണ് നടക്കുന്നത്.പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയുടെ ചുമതലമാത്രമാണ് എൻടിഎയ്ക്കുള്ളത്. പരീക്ഷാഫലം ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് എൻടിഎ കൈമാറും.
49 കേന്ദ്രസർവകലാശാലകൾ, 35 സംസ്ഥാന സർവകലാശാലകൾ, 24 കല്പിതസർവകലാശാലകൾ, 126 സ്വകാര്യസർവകലാശാലകൾ, അഞ്ച് മറ്റ് സർക്കാർസ്ഥാപനങ്ങൾ എന്നിവ ഈ വർഷം സിയുഇടിയിൽ ഉൾപ്പെടുന്നു. ആകെ 239 എണ്ണം.സ്ഥാപനങ്ങളുടെ പൂർണപട്ടിക, കോഴ്സുകൾ, പ്രവേശനയോഗ്യത തുടങ്ങിയ വിവരങ്ങൾ cuet.nta.nic.in ൽ ലഭ്യമാണ്.
മൊത്തം 37 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ഇവയിൽ 13 ഭാഷകൾ, 23 ഡൊമെയ്‌ൻ സ്പെസിഫിക് വിഷയങ്ങൾ, ഒരു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.പരമാവധി അഞ്ച് ടെസ്റ്റുകൾ തിരഞ്ഞെടുക്കാനാണ് അവസരം നൽകിയിരുന്നത്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ, പ്രോഗ്രാമുകൾക്കനുസരിച്ച് അഭിമുഖീകരിക്കേണ്ടിയിരുന്ന വിഷയങ്ങൾ എന്നിവ പരിഗണിച്ച് അഞ്ച് ടെസ്റ്റ് പേപ്പറുകൾ തിരഞ്ഞെടുക്കണമെന്ന് എൻടിഎ അറിയിച്ചിരുന്നു. അതിനാൽ തിരഞ്ഞെടുത്ത/അഭിമുഖീകരിച്ച പേപ്പറുകൾ അടിസ്ഥാനമാക്കിമാത്രമേ സ്ഥാപനങ്ങൾ, ഓരോ കോഴ്സിലെയും പ്രവേശനത്തിനായി പരീക്ഷാർഥിയെ റാങ്ക് ചെയ്യുകയുള്ളൂ.
ഇപ്പോൾ ലഭിച്ചിരിക്കുന്നത് അഭിമുഖീകരിച്ച വിഷയങ്ങളിൽ വിദ്യാർഥിക്കുലഭിച്ച പെർസന്റൈൽ, എൻടിഎ സ്കോർ (നോർമലൈസ്ഡ് സ്കോർ) എന്നിവയാണ്. താൻ ഒരു പേപ്പർ അഭിമുഖീകരിച്ച സെഷനിൽ തനിക്കുലഭിച്ചതിനുതുല്യമോ അതിൽ താഴെയോ സ്കോർ ലഭിച്ചവരുടെ ശതമാനമാണ് പെർസന്റൈൽ. പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ ശതമാനമല്ലിത്.
എൻടിഎ സ്കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്.
സ്കോർ കാർഡിലെ വിവരങ്ങൾമാത്രം പരിഗണിച്ച് ഒരു പരീക്ഷാർഥിയുടെ ഒരു സ്ഥാപനത്തിലെ/കോഴ്സിലെ പ്രവേശനസാധ്യത പൊതുവേ വിലയിരുത്താൻ കഴിയില്ല. കാരണം ഒരു സ്ഥാപനത്തിലെ ഒരു കോഴ്സിലേക്ക് അപേക്ഷിക്കുന്ന, സിയുഇടി അഭിമുഖീകരിച്ചവരുടെ പരീക്ഷയിലെ മികവ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയാണ് പ്രവേശനത്തിന് അടിസ്ഥാനമാവുക. അതിനാൽ, സ്ഥാപന/കോഴ്സ് റാങ്ക് പട്ടിക വരുമ്പോൾ മാത്രമേ പ്രവേശനസാധ്യത അറിയാൻകഴിയൂ.
cuet.nta.nic.in-ൽ ‘യൂണിവേഴ്‌സിറ്റീസ്’ ലിങ്ക് വഴി സർവകലാശാലയുടെ/സ്ഥാപനത്തിന്റെ ലിങ്ക് ക്ലിക്കുചെയ്യുമ്പോൾ സ്ഥാപനത്തിലെ പ്രോഗ്രാമുകൾ, ഓരോ പ്രോഗ്രാമിലേക്കും മാപ്പ് ചെയ്തിട്ടുള്ള/പ്രോഗ്രാമിലെ പ്രവേശനത്തിന് അഭിമുഖീകരിച്ചിരിക്കേണ്ട സിയുഇടി പേപ്പർ/വിഷയം (ഡൊമെയ്‌ൻ വിഷയം/ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്/ഓപ്ഷണൽ ലാംഗ്വേജ് വിഷയം), പ്രോഗ്രാം പ്രവേശനത്തിനുവേണ്ട യോഗ്യത എന്നിവ കാണാൻകഴിയും.
ഉദാ: കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ, ബികോം (ഓണേഴ്സ്) ഫൈനാൻഷ്യൽ അനലിറ്റിക്സ് പ്രവേശനം തേടുന്നവർ ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ നിർബന്ധമായും അഭിമുഖീകരിച്ചിരിക്കണം. കൂടാതെ, ഡൊമെയ്‌ൻ വിഷയമായി അക്കൗണ്ടൻസി/ബുക്ക്കീപ്പിങ് അല്ലെകിൽ ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ് അല്ലെങ്കിൽ ബിസിനസ് സ്റ്റഡീസ് അഭിമുഖീകരിച്ചിരിക്കണം.
പ്ലസ് ടു/തത്തുല്യപരീക്ഷ, സയൻസ്/ ആർട്സ്/കൊമേഴ്സ് സ്ട്രീമിൽ മൊത്തം 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ജയിച്ചിരിക്കണം എന്നതാണ് ഈ കോഴ്സിലെ പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത.
വിദ്യാർഥികൾ അവർക്ക് പ്രവേശനത്തിൽ താത്പര്യമുള്ള, അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച്, യോഗ്യതാവ്യവസ്ഥകൾ പരിശോധിച്ച്, പ്രവേശനത്തിനുള്ള അപേക്ഷ നൽകുകയും തുടർനടപടികൾ മനസ്സിലാക്കി പ്രവേശനപ്രക്രിയയിൽ പങ്കെടുക്കുകയും വേണം. ഓരോ സ്ഥാപനത്തിനും പ്രത്യേകം സമയക്രമം പ്രവേശനകാര്യത്തിലുണ്ടാകും എന്നതും ഓർക്കുക.
സ്ഥാപനങ്ങളും സർവകലാശാലകളും അവരുടെ ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക, എൻടിഎ സ്കോർ അടിസ്ഥാനമാക്കി സ്ഥാപനതലത്തിൽ തയ്യാറാക്കും.സ്ഥാപനങ്ങൾ അവരുടെ കൗൺസലിങ് സമയക്രമവും നിശ്ചയിക്കും. അക്കാദമിക് യോഗ്യതാവ്യവസ്ഥകൾ, പ്രായവ്യവസ്ഥ, സംവരണതത്ത്വങ്ങൾ തുടങ്ങിയവ അതത് സ്ഥാപനങ്ങൾക്കു ബാധകമായവയായിരിക്കും.