സൈബര്‍ തട്ടിപ്പിന്റെ ഇടനിലക്കാരനായി ; രാജന്‍ പ്രതിമാസം സമ്പാദിച്ചിരുന്നത് 20 ലക്ഷം രൂപ

05:08 AM Nov 03, 2025 |


സൈബര്‍ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന്‍ അറസ്റ്റില്‍. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണ്.

അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം രാജന്‍ സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെ തന്ത്രത്തില്‍ കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. രാജ്യത്തിന് പുറത്തും അകത്തും വല വിരിച്ചിട്ടുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ അപഹരിച്ചെടുക്കുന്ന തുകകള്‍ രാജന്‍ കൈവശപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളില്‍ വന്നുചേരും.


ഇത്തരത്തില്‍ വരുന്ന പണം പിന്‍വലിച്ച് സൈബര്‍ മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനായാണ് രാജന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പാറശാല പൊലീസ് പറയുന്നു. തട്ടിപ്പ് കേസില്‍ ഷെഫീക്ക് എന്ന യുവാവിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. രാജന്റെ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ഷെഫീക്കിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് രാജനെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.