കണ്ണൂർ :ഭക്ഷ്യ സംസ്കാരത്തിൽ വന്ന മാറ്റങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ക്ഷീരകർഷകർ ഉപോൽപ്പന്നങ്ങളുടെ വിപണനം ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകൾ പരീക്ഷിക്കാൻ തയ്യാറാകണമെന്നും ഇതിലൂടെ കർഷകരുടെ സാമൂഹ്യ അന്തസ്സ് ഉയരുമെന്നും ഡോ.വി ശിവദാസൻ എം.പി പറഞ്ഞു. വനിതാ കമ്മീഷൻ സംഘടിപ്പിച്ച വനിതാ ക്ഷീര കർഷകരുടെ പബ്ലിക് ഹിയറിംഗ് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരും. നാട്ടിൻ പുറങ്ങളിലെ ചെറിയ സംരംഭങ്ങൾ വലിയ കൂട്ടായ്മകളായി വളരുകയും സ്ത്രീകളുടെ സാമൂഹ്യ അന്തസ്സ് ഉയരുന്നതുൾപ്പെടെയുള്ള വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്നും എം.പി പറഞ്ഞു.
വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായി. ക്ഷീര കർഷകർക്ക് സമൂഹത്തിൽ അന്തസ്സോടെ തൊഴിലെടുക്കുന്നതിന് ആവശ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്ന് വനിതാ ക്ഷീരകർഷകർ ആവശ്യപ്പെട്ടു. ചാണകവും തൊഴുത്തും കാണുന്നത് പോലും ദുസ്സഹമാണെന്ന രീതിയിലാണ് സമൂഹത്തിൽ ചില ആളുകൾ പെരുമാറുന്നത്. ക്ഷീരകർഷകരെ അവജ്ഞയോടെയാണ് ഇവർ കാണുന്നത്. ഇത്തരം മാനസികാവസ്ഥ ഇല്ലാതാക്കുന്നതിന് വനിതാ കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.
60 വയസ്സ് കഴിഞ്ഞ ക്ഷീരകർഷകർക്ക് ക്ഷേമനിധി പെൻഷൻ കുറഞ്ഞത് 1000 രൂപയെങ്കിലും അനുവദിക്കുക, ബി.പി.എൽ-എ.പി.എൽ മാനദണ്ഡങ്ങൾ നോക്കാതെ ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുക, കന്നുകാലികൾ ചത്തുപോയാൽ ഇഷുറൻസ് തുക ലഭ്യമാക്കുന്നതിന് നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.
100 ദിവസം തൊഴിൽ ലഭ്യമാകുന്നവിധം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തണമെന്നും പദ്ധതിക്ക് കീഴിൽ വരുന്ന ആനുകൂല്യങ്ങൾക്ക് കർഷകർക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. നിസ്സാരമായ പ്രശ്നങ്ങൾ ഉന്നയിച്ച് സമീപവാസികൾ നൽകുന്ന പരാതിയിൽ ക്ഷീരകർഷകർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിന് ഇടപെടൽ ഉണ്ടാകണം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കണം. സബ്സിഡി കൃത്യമായി ലഭ്യമാക്കാൻ നടപടി വേണം. മൊബൈൽ ആംബുലൻസ് സേവനം സൗജന്യമാക്കണം എന്നീ ആവശ്യങ്ങളും കർഷകർ മുന്നോട്ട് വച്ചു. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് വിശദമായി പഠിച്ച ശേഷം നിർദ്ദേശമായി സർക്കാരിന് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷ കർഷകരെ അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി മുഖ്യാതിഥി ആയിരുന്നു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലാവണ്യ, തളിപ്പറമ്പ് ഡയറി എക്സ്റ്റൻഷൻ ഓഫീസർ ബീന, ക്ഷീരവികസന വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ബോബി, വനിതാ കമ്മീഷൻ പ്രൊജക്റ്റ് ഓഫീസർ എൻ.ദിവ്യ എന്നിവർ സംസാരിച്ചു.