+

വിവാഹ ചടങ്ങ് ഹാളില്‍വച്ച് നടത്തിയതിന് ദളിത് കുടുംബത്തിന് നേരെ അതിക്രമം ; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ആയുധധാരികളായ 20-ഓളം പേരടങ്ങുന്ന ഒരു സംഘം രാത്രി ഏകദേശം 10.30 ഓടെ സ്വയംവര്‍ വിവാഹ ഹാളില്‍ അതിക്രമിച്ചു കയറി വിവാഹത്തില്‍ പങ്കെടുത്തവരെ ആക്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ഉത്തര്‍പ്രദേശിലെ റാസ്രയില്‍ ദളിത് കുടുംബത്തിനുനേരെ ആക്രമണം. ഹാളില്‍വെച്ച് വിവാഹ ചടങ്ങ് നടത്തിയതിനാണ് ഒരു കൂട്ടം ആളുകള്‍ ദളിത് കുടുംബത്തെ മര്‍ദിച്ചത്. വടികളുപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അജയ് കുമാര്‍, മനന്‍ കാന്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

'ദളിത് സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ഹാളില്‍ എങ്ങനെ വിവാഹം നടത്താന്‍ കഴിയും?' എന്ന് അക്രമികള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആയുധധാരികളായ 20-ഓളം പേരടങ്ങുന്ന ഒരു സംഘം രാത്രി ഏകദേശം 10.30 ഓടെ സ്വയംവര്‍ വിവാഹ ഹാളില്‍ അതിക്രമിച്ചു കയറി വിവാഹത്തില്‍ പങ്കെടുത്തവരെ ആക്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘം വിവാഹ സംഘത്തില്‍ ഉണ്ടായിരുന്നവരെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ദളിത് സമുദായത്തിലെ അംഗങ്ങള്‍ ചടങ്ങിനായി വിവാഹ ഹാള്‍ ഉപയോഗിച്ചതിനെ എതിര്‍ത്തതായും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

facebook twitter