വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും ഇന്ന് നിര്‍ണായകം. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും.
വിധിപറയുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കല്‍പ്പറ്റ ചീഫ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പങ്കെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഇതിനിടെ കേസില്‍ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ചേര്‍ത്തതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.