തിരുവനന്തപുരം: മീൻപിടിക്കാൻ പോയ ശേഷം കാണാതായ വയോധികനായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപമുള്ള കടൽത്തീരത്ത് നിന്ന് കണ്ടെത്തി. പാച്ചല്ലൂർ, കൂനംതുരുത്തി സ്വദേശി സി. നാഗപ്പൻ (66) ആണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് നാഗപ്പൻ സമുദ്ര ബീച്ച് പരിസരത്തേക്ക് മത്സ്യബന്ധനത്തിനായി പോയത്. എന്നാൽ, സമയം ഏറെ വൈകിയിട്ടും അദ്ദേഹം തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരുവല്ലം പോലീസിൽ പരാതി നൽകി.
തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തിനായി വിപുലമായ തിരച്ചിൽ ആരംഭിച്ചു. വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആദ്യം പനത്തുറ ഭാഗത്തെ പാർവ്വതി പുത്തനാറിൽ പരിശോധന നടത്തി. പിന്നീട്, പനത്തുറ മുസ്ലീംപളളിക്ക് അടുത്തുള്ള കടൽത്തീരത്താണ് തിരച്ചിൽ കേന്ദ്രീകരിച്ചത്. കയർ കെട്ടി കടലിലിറങ്ങിയ സേനാംഗം സന്തോഷ് കുമാറും പ്രദേശവാസിയായ പ്രഹ്‌ളാദനും നടത്തിയ പരിശോധനയിലാണ് പാറക്കെട്ടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്താനായത്.