ഇരിങ്ങാലക്കുടയിൽ കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലി

04:06 PM Jan 16, 2025 | Kavya Ramachandran

തൃശ്ശൂർ : തൃശ്ശൂരിൽ കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബബിള്‍ ടീ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്.

ഇന്നലെ ഉച്ചയോടെ ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ പാഴ്‌സല്‍ വാങ്ങിയിരുന്നു. ഈ സമൂസ ഇവർ വീട്ടിലെത്തിയതിനു ശേഷം മകള്‍ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും ചത്ത പല്ലിയെ ലഭിയ്ക്കുന്നത്.

ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ഭർത്താവ് രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കി. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തി. എന്നാൽ, സമൂസ ഇവിടെ നിര്‍മിക്കുന്നതല്ലെന്നും കല്ലംകുന്ന് എ ബി ഫുഡ് പൊഡ്രക്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മാണം നടത്തി വിതരണം ചെയ്യുന്നതാണെന്നുമാണ് കടക്കാർ വിശദീകരിക്കുന്നത്.