സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു.ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുകയാണ്. ഡി അഡിക്ഷൻ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.