ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി: സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ

07:02 AM Oct 16, 2025 |


ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ. സംഘപരിവാര്‍ ഭീകരരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്‌ഐ പറഞ്ഞു. കോട്ടയം സ്വദേശിയായ യുവാവ് ആര്‍എസ്എസ് ശാഖയില്‍ ബാല്യം മുതല്‍ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ലൈംഗിക പീഡനങ്ങള്‍ കുറിച്ച് വെച്ച് ആത്മഹത്യ ചെയ്തത് പൊതുസമൂഹം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. സംഘപരിവാര്‍ ഭീകരതയെ ഒറ്റക്കെട്ടോടെ ചെറുക്കേണ്ടതാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

യുവാവിന്റെ ആത്മഹത്യ രാജ്യത്തെമ്പാടുമുള്ള ആര്‍എസ്എസ് ശാഖകളില്‍ നടക്കുന്ന നെറികെട്ട ക്രൂരതകളുടെയും ലൈംഗികാതിക്രമങ്ങളുടെയും മലയാളിക്ക് കാണുവാന്‍ സാധിക്കുന്ന നേരിട്ടുള്ള അനുഭവമാണെന്നും എസ്എഫ്‌ഐ പറഞ്ഞു. നാല് വയസുമുതല്‍ ആര്‍എസ്എസ് ശാഖയില്‍വെച്ച് താന്‍ ലൈം?ഗിക ചൂഷണത്തിനിരയായെന്നും വര്‍ഷങ്ങളോളം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച തനിക്ക് ഇത്രയും വെറുപ്പുള്ള മറ്റൊരു സംഘടനയില്ലെന്നും അത്രയ്ക്ക് വിഷംകൊണ്ട് നടക്കുന്നവരായ ആര്‍എസ്എസുകാരെ ജീവിതത്തില്‍ ഒരിക്കലും ഒരു സുഹൃത്താക്കരുത് എന്നും അനന്തുവിന്റെ അവസാന കുറിപ്പില്‍ രേഖപ്പെടുത്തുന്നു. ചെറിയ കുട്ടികളെ പോലും അച്ചടക്കത്തിന്റെയും ചിട്ടയായ ജീവിതത്തിന്റെയും കാപട്യം പറഞ്ഞ് വഞ്ചിച്ച് ചൂഷണം ചെയ്യുന്ന ആര്‍ എസ് എസ് ശാഖകളെ നമ്മുടെ സാമീപ്യത്തില്‍ നിന്ന് അകറ്റിപായിക്കണമെന്നും എസ്എഫ്‌ഐ പറഞ്ഞു.

യുവാവിനെ പോലെ നിരവധിയായവര്‍ ഇപ്പോഴും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന വെളിപ്പെടുത്തല്‍ ഈ സംഭവത്തിന്റെ അതീവ ഗൗരവത്തെ ചൂണ്ടി കാണിക്കുന്നതാണ്. വെള്ളയും കാവിയും കുറുവടിയും ദണ്ഡയുമായി തെരുവുകളില്‍ കവാത്ത് നടത്തുന്ന ആര്‍എസ്എസുകാര്‍ ശാരീരിക മാനസിക ചൂഷണത്തിന്റെ പര്യായമാണ്. മനുഷ്യനെ മനുഷ്യനായി കാണാത്ത പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആര്‍എസ്എസിന്റെ സമീപനത്തെ തിരിച്ചറിയുവാനും അകറ്റിനിര്‍ത്തുവാനും വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അടക്കം മുഴുവന്‍ മനുഷ്യര്‍ക്കും സാധിക്കേണ്ടതുണ്ടെന്നും എസ്എഫ്‌ഐ പറഞ്ഞു.

സംഘപരിവാറിന്റെ ചൂഷണങ്ങളുടെ ഇരയായ യുവാവിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വര്‍ഗീയവാദികളും കൊടും കുറ്റവാളികളുമായ സംഘപരിവാരത്തെ വിദ്യാര്‍ത്ഥികളില്‍ നിന്ന് അകറ്റിനിര്‍ത്തുവാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ ജാഗ്രത പുലര്‍ത്തി ഇടപെടലുകള്‍ നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും, സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയിലൂടെ അറിയിച്ചു.