അറ്റകുറ്റപ്പണി ; ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-2 അടച്ചു

03:05 PM Apr 16, 2025 | Neha Nair

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ അറ്റകുറ്റപ്പണികൾക്കും മറ്റ് നവീകരണ പ്രവർത്തികൾക്കുമായി ഇന്ന് മുതൽ അടച്ചിടും. അഞ്ച് മാസക്കാലത്തേക്കാണ് അടച്ചിടുക. കൂടാതെ ഒരു റൺവേയും നവീകരണത്തിനായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ടി 2 വിൽ നടന്ന സ‍ർവീസുകൾ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം.

122 പ്രതിദിന സർവീസുകൾ ടി1 ലേക്കും ടി3ലേക്കും മാറ്റുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അറ്റകുറ്റപ്പണികൾ നടപ്പാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ അടുത്ത സാമ്പത്തിക വർഷം വിമാനത്താവളം പരമാവധി പരിധിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് കൂടി കണക്കാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെച്ചപ്പെട്ട എയർ ക്വാളിറ്റി ഉറപ്പാക്കാൻ പുതിയ ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടിഷനിങ് (എച്ച്‍വിഎസി) സംവിധാനവും അഗ്നിരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കും.