ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

03:42 PM Nov 09, 2025 | Suchithra Sivadas

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 23 ഇടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. അവിടെ സൂചിക 436-ലാണുള്ളത്. നഗരത്തില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.

ഡല്‍ഹി സര്‍ക്കാരിന്റേയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റേയും ജീവനക്കാര്‍ക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെ
മൂന്നുമാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്. എക്യുഐ 400ന് മുകളില്‍ എത്തിയാല്‍ ആക്ഷന്‍ പ്ലാന്‍ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടര്‍ന്നാല്‍ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കടന്നേക്കും.