+

കുങ്കുമപ്പൂവുകൊണ്ട് രുചിയൂറുന്ന കുല്‍ഫിയുണ്ടാക്കാം

ഫുള്‍ ക്രീം മില്‍ക്ക്, പഞ്ചസാര, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ തിളപ്പിച്ച് ചെറുതായൊന്ന് കട്ടിയിലാക്കുക.


മാങ്ങ, പിസ്ത എന്നിവകൊണ്ട് കുല്‍ഫിയുണ്ടാക്കുന്നത് പതിവാണ്. എന്നാല്‍ കുങ്കുമപ്പൂവിട്ട മലായ് കുല്‍ഫി ഒന്നു തയ്യാറാക്കി നോക്കാം. രബ്രി കേസര്‍ മലായ് കുല്‍ഫി എന്നാണ് ഇത് അറിയപ്പെടുന്നത്. വീട്ടിലുണ്ടാക്കാന്‍ വളരെ എളുപ്പം. കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്നത്. 

ഫുള്‍ ക്രീം മില്‍ക്ക്, പഞ്ചസാര, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ തിളപ്പിച്ച് ചെറുതായൊന്ന് കട്ടിയിലാക്കുക. ഇത് ചൂടാറിയശേഷം അച്ചുകളിലാക്കി 6-7 മണിക്കൂര്‍ ഫ്രീസറില്‍ വെക്കുക. ഇത്രേയുള്ളു കാര്യം. ഇതൊന്ന് വിശദമായി നോക്കാം.

ആവശ്യമായ സാധനങ്ങള്‍
പാല്‍ ഒരുപാക്ക്
കശുവണ്ടിപ്പരിപ്പ് അരക്കപ്പ്
ബദാം അരക്കപ്പ്
പിസ്ത അരക്കപ്പ്
മഖാന(താമരവിത്ത്) അരക്കപ്പ്
പഞ്ചസാര ഒരു കപ്പ്
കുങ്കുമപ്പൂവ് അരക്കപ്പ്

തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച് ക്രീമുപോലെയാക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തില്‍ പാലെടുത്ത് ഒന്ന് തിളപ്പിക്കുക. പിന്നീട് തീ കുറച്ച് 10 മിനിറ്റ് നേരത്തേക്ക് പാല്‍ ഇളക്കിക്കൊണ്ടിരിക്കണം. മറ്റൊരു പാത്രത്തില്‍ അല്‍പം ചൂടുള്ള പാലെടുത്ത് അതില്‍ കുങ്കുമപ്പൂവ് കുതിര്‍ക്കാന്‍ വെക്കുക. 

കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, മഖാന എന്നിവ അരച്ചെടുത്ത് വെക്കുക. കുങ്കുമപ്പൂവ് ചേര്‍ത്തപാല്‍ നേരത്തേ തിളപ്പിച്ചു വെച്ച പാലിലേക്ക് ഒഴിക്കുക. അതിലേക്ക് അരച്ചുവെച്ച ഡ്രൈഫ്രൂട്ട്സ് ഇട്ട് ഇളക്കുക. പാല്‍ കുറുകുന്നതുവരെ കാത്തിരിക്കുക. ഇനി തീ ഓഫാക്കി ഇത് തണുപ്പിക്കാന്‍ വെക്കാം.

തണുപ്പിച്ച കുല്‍ഫി അച്ചുകളിലോ കോണിലോ ഒഴിച്ചുവെക്കുക. ഐസ് ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നത് തടയാന്‍ അലുമിനിയം ഫോയിലുകള്‍ കൊണ്ട് അച്ചുകള്‍ പൊതിയാവുന്നതാണ്. ഇവ രാത്രിമുഴുവനോ ആറേഴ് മണിക്കൂറോ ഫ്രീസറില്‍ വെച്ചശേഷം ഉപയോഗിക്കാം.  

അച്ചുകളില്‍നിന്ന് കുല്‍ഫി പൊട്ടാതെ പുറത്തെടുക്കാന്‍ അവ ഫ്രീസറില്‍നിന്ന് എടുത്ത് 5-10 മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ വെക്കുക. കുല്‍ഫി ആവശ്യമെങ്കില്‍ റോസ് പെറ്റല്‍സോ പിസ്തയോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.

facebook twitter