യേശുദാസിനെതിരായ മോശം പരാമര്‍സം ; വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് ഫെഫ്ക

02:30 PM Aug 08, 2025 | Suchithra Sivadas

യേശുദാസിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ വിനായകനെതിരെ പ്രതിഷേധമുയര്‍ത്തി ഫെഫ്ക

ഫെഫ്കയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയവുമായി ബന്ധപ്പെടുത്തി നടന്‍ വിനായകന്‍ മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധര്‍വ്വന്‍ ശ്രീ. യേശുദാസിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കേട്ടാല്‍ അറക്കുന്ന അസഭ്യ വര്‍ഷം നടത്തിയാണ് ഇയാള്‍ ഇത് കുറിച്ചിരിക്കുന്നത്. വിനായകനെക്കാള്‍ മോശപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുമാണ് ഇന്നു കാണുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന നിലയിലേക്ക് യേശുദാസ് വളര്‍ന്നതെന്ന് അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ബോധ്യമുള്ളതാണ്.

നാലു തലമുറകള്‍ക്ക് എങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തില്‍ അധിക്ഷേപിക്കുകവഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. സിനിമാഗാനങ്ങള്‍ക്കപ്പുറം കര്‍ണാടക സംഗീതത്തിനെ ജനകീയമാക്കിയ സംഗീതത്തിലെ വിപ്ലവ സൂര്യനാണ് ശ്രീ. യേശുദാസ്. ശ്രുതി ശുദ്ധമായ ആലാപനത്തിന് പകരം വയ്ക്കാന്‍ ഇന്ന് ആരുമില്ല എന്നത് ഏതൊരു സംഗീത പ്രേമിക്കും അറിവുള്ള കാര്യമാണ്. യേശുദാസ് പാടിയിട്ടുള്ളതും സംഗീതം നല്‍കിയിട്ടുള്ളതുമായ ഗാനങ്ങള്‍ അനുകരിച്ചും ആലപിച്ചും പാടി വളര്‍ന്നവരാണ് മലയാളത്തിലെ ഒട്ടുമിക്ക ഗായകരും. സംഗീതത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. യേശുദാസിന്റെ നാട്ടുകാരന്‍ എന്ന പേരില്‍ അഭിമാനിക്കുന്നവരാണ് ഓരോ മലയാളിയും. പൊതുവിടത്തില്‍ അദ്ദേഹത്തെ 'തെറി ' വിളിക്കുന്നത് കേട്ട് നില്‍ക്കാന്‍ ഒരു കലാകാരനും കഴിയില്ല. ഓരോ കലാകാരനെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് ഫെഫ്ക്ക മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്റെ നയം. ലോകാരാധ്യനായ പദ്മവിഭൂഷണ്‍ Dr. K. J യേശുദാസിനോട് കാട്ടിയ ഈ അപമാനത്തിനെ ഫെഫ്ക്ക മ്യൂസിക് ഡയറക്ടര്‍സ് യൂണിയന്‍ ശക്തമായി അപലപിക്കുന്നു, പ്രതിഷേധിക്കുന്നു. ശക്തമായ നിയമനടപടികള്‍ ഇത്തരം വ്യക്തികള്‍ക്കെതിരെ ഉണ്ടാവണമെന്ന ആവശ്യം ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നു.