
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസ്സദ്യ വിഭവങ്ങളോടെയുള്ള പെയ്ഡ് സദ്യ കൊടുക്കുന്നതിൽനിന്ന് പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ് . പള്ളിയോടസേവാസംഘത്തിന്റെ എതിർപ്പിനെത്തുടർന്നാണ് ബോർഡിന്റെ പിന്മാറ്റം. ഞായറാഴ്ച നടത്താനിരുന്ന സദ്യ റദ്ദാക്കിയതായും, 250 രൂപ മുൻകൂട്ടി നൽകി ബുക്കുചെയ്തവർക്ക് പണം തിരികെ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു.
വള്ളസ്സദ്യ ജനകീയമാക്കാനുള്ള ശ്രമംമാത്രമാണ് ദേവസ്വം ബോർഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച പകൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് പള്ളിയോടസേവാസംഘം ഭാരവാഹികളെ വിളിച്ചിരുന്നു. ഇത് തർക്കങ്ങളെത്തുടർന്ന് നടക്കാതെപോകുകയും, സേവാസംഘം ഭാരവാഹികൾ പ്രതിഷേധിച്ച് ആറന്മുളയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു. രാത്രിയോടെയാണ് സദ്യ നടത്തിപ്പിൽനിന്ന് പിന്മാറാൻ ബോർഡ് തീരുമാനമെടുത്തത്.
ദേവസ്വം ബോർഡ് നടത്തുന്ന പെയ്ഡ് സദ്യയെക്കുറിച്ച് ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് വിളിച്ച യോഗത്തിൽ ഭാരവാഹികളിൽ ചിലരെ പ്രവേശിപ്പിച്ചില്ലെന്ന് പള്ളിയോടസേവാസംഘം ആരോപിച്ചു. എന്നാൽ, ആരെയും തടഞ്ഞിട്ടില്ലെന്നും അനുവദനീയമായ ആൾക്കാരെമാത്രം ചർച്ചയ്ക്ക് വിളിക്കുകയാണ് ചെയ്തതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ഭാരവാഹികളായ അഞ്ചുപേരെയും പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പള്ളിയോടസേവാസംഘം ചർച്ച ബഹിഷ്കരിച്ചു.
സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ഫുഡ് കമ്മിറ്റി കൺവീനർ ശശികുമാർ കുറുപ്പ്, ജോയിന്റ് കൺവീനർ ബി. കൃഷ്ണകുമാർ എന്നിവരാണ് ചർച്ചയ്ക്ക് പോയത്.ദേവസ്വം ബോർഡ് യോഗം കൂടുന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. ബോർഡ് കൂടുന്ന മുറിയിലേക്ക് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരെമാത്രമേ പ്രവേശിപ്പിക്കൂ എന്ന നിലപാട് ദേവസ്വം ബോർഡ് അധികൃതർ എടുക്കുകയായിരുന്നു എന്നാണ് പള്ളിയോടസേവാസംഘം ആരോപിച്ചത്. എന്നാൽ, നാലുപേരെ പ്രവേശിപ്പിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാടെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. എല്ലാവരെയും കയറ്റിയില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടെടുത്ത് പള്ളിയോടസേവാസംഘം ഭാരവാഹികൾ മടങ്ങുകയായിരുന്നു.