ഭക്തര്‍ കാനനപാത തിരഞ്ഞെടുക്കുന്നതിന് മുന്‍പ് സ്വന്തം ശാരീരികക്ഷമത വിലയിരുത്തണം: ഡിഎഫ്ഒ വിനോദ്കുമാര്‍

11:30 AM Dec 19, 2025 |


ശബരിമല : ഓരോ ഭക്തനും തന്റെ ആരോഗ്യസ്ഥിതിയും ശാരീരിക അവസ്ഥയും വിലയിരുത്തി വേണം തീര്‍ഥാടനത്തിന് പരമ്പരാഗത ദീര്‍ഘദൂര കാനനപാതകള്‍ തിരഞ്ഞെടുക്കാനെന്ന് വിജിലന്‍സ് ഡിഎഫ്ഒ വിനോദ്കുമാര്‍. സത്രം, പുല്ലുമേട് വഴിയുള്ള കാനനപാതയിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹമാധ്യമങ്ങളിലെ റീല്‍സില്‍ അവതരിപ്പിക്കുന്നതു പോലെ എളുപ്പമല്ല കാനന പാത താണ്ടാന്‍. കയറ്റവും ഇറക്കവും നിറഞ്ഞ ദുര്‍ഘടമായ പാതയാണിത്. സുഗമമായ വഴിയാണിതെന്ന് കരുതി എത്തുന്ന ഭക്തര്‍ക്ക് ശാരീരികമായ ക്ലേശങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇക്കാര്യം ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണം. സത്രം വഴി രാവിലെ 9 മുതല്‍ 12 മണി വരെ പ്രവേശനമുണ്ടെങ്കിലും പ്രായമേറിയ അയ്യപ്പഭക്തരും കുട്ടി അയ്യപ്പന്‍മാരും സന്നിധാനത്തെത്തുമ്പോള്‍ രാത്രിയാകാറുണ്ട്. പ്രായമായവരും കുട്ടികളും കഴിയുന്നതും രാവിലെ തന്നെ കാനനപാതയില്‍ക്കൂടി വരാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സത്രം മുതല്‍ സന്നിധാനം വരെയുള്ള 12 കിലോമീറ്റര്‍ കാനനപാതയില്‍ ഭക്തര്‍ക്ക് വന്യജീവികളില്‍ നിന്നുള്ള എല്ലാവിധ സുരക്ഷയും വനംവകുപ്പ് ഒരുക്കുന്നുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു. രാവിലെ 7 മണിക്കാണ് സത്രത്തില്‍ ആദ്യ അയ്യപ്പഭക്തനെ കടത്തിവിടുന്നത്. ഭക്തര്‍ക്ക് കാനനപാതയില്‍ പ്രവേശനം അനുവദിക്കുന്നതിന് മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാതയില്‍ പരിശോധന നടത്തി ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ വന്യമൃഗങ്ങളുടെ സാമീപ്യം ഇല്ലെന്ന് ഉറപ്പാക്കും. തിരിച്ച് സന്നിധാനത്ത് നിന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മടക്കയാത്രയിലും യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കയറ്റിവിടുന്നത്. പാതയിലുടനീളം വനംവകുപ്പിന്റെ സേവന താവളങ്ങളുണ്ട്. പുല്ലുമേടിനു സമീപം ഭക്തര്‍ക്കുള്ള ഭക്ഷണസൗകര്യം വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.  പുല്ലുമേട്ടില്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും മെഡിക്കല്‍ സേവനം ഭക്തര്‍ക്ക് ലഭ്യമാകുന്നുണ്ട്. വഴിയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെയും എക്കോ ഗാര്‍ഡുകളുടെയും സേവനവും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.