ധന്‍കറിന്റെ നിലപാടുകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചു; രാജിക്ക് പിന്നില്‍ ഭിന്നതയെന്ന് സൂചന

07:43 AM Jul 24, 2025 | Suchithra Sivadas

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെന്ന അഭ്യൂഹം ശക്തമാകുന്നു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ഉപരാഷ്ട്രപതിയും രണ്ട് ധ്രുവങ്ങളിലായതാണ് ഭിന്നത രൂക്ഷമാക്കിയത് എന്നാണ് വിവരം. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധന്‍കര്‍ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂര്‍ച്ഛിച്ചതോടെ ധന്‍കര്‍ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം നിലയില്‍ പ്രമേയം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ജഗ്ദീപ് ധന്‍കറിനെ കണ്ടിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ തുടങ്ങിയവര്‍ ധന്‍കറിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായിത്തന്നെ, ഇരുസഭകളിലും ഇത്തരത്തിലൊരു പ്രമേയം കേന്ദ്രസര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുമെന്നും ധന്‍കറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വില കൊടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധന്‍കര്‍ പ്രാധാന്യം നല്‍കിയതാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നാണ് വിവരം.