കണ്ണൂർ: ധീരജിനെ കൊന്ന കത്തി കയ്യിലുണ്ടെങ്കിൽ അതുകൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലണം എന്ന് രാജേന്ദ്രൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തീട്ടി'ല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കൊലവിളി മുദ്രാവാക്യം. ഇപ്പോഴിതാ പ്രതികരണവുമായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് രാജേന്ദ്രൻ. മൂന്നര വർഷമായി വേദനയിൽ കഴിയുന്ന കുടുംബത്തെ ഓരോന്ന് പറഞ്ഞ് കോൺഗ്രസ് വീണ്ടും കുത്തിനോവിക്കുകയാണെന്നും അന്ന് കൊലപാതകം നിഷേധിച്ചവർ തന്നെ ഇന്ന് തങ്ങളാണ് ധീരജിനെ കൊന്നതെന്ന് ഏറ്റുപറയുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
'ഗാന്ധിയൻ ആശയങ്ങളിലൂടെ നടന്ന് ഏകദേശം 45 വർഷത്തിലധികം ഒരു കോൺഗ്രസ് അനുഭാവിയായതിന്, ഇക്കാലമത്രയും കോൺഗ്രസിനും സുധാകരനും വോട്ട് ചെയ്തതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ എന്റെ മകൻ ധീരജിന്റെ കൊലപാതകമെന്ന് കോൺഗ്രസ് പറയണം. മൂന്നര വർഷത്തിലധികമായി ഞങ്ങളിവിടെ വേദനയിലും ദുഖത്തിലും കഴിയുമ്പോൾ വീണ്ടും വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞ് അവർ കുത്തിനോവിക്കുകയാണ്. നേരത്തെ ധീരജിനെ കൊന്നത് അവരല്ല എന്ന് പറഞ്ഞെങ്കിൽ ഇപ്പോൾ അവർ തന്നെ പറയുന്നു ധീരജിനെ കൊന്നത് അവരാണെന്ന്. അവരുടെ കയ്യിൽ ആ കത്തിയുണ്ടെങ്കിൽ ആ കത്തി കൊണ്ടുവന്ന് ഞങ്ങളെക്കൂടി കുത്തിക്കൊല്ലണം. അല്ലെങ്കിൽ അവർ പറയുന്ന സ്ഥലത്ത് ഞങ്ങൾ ചെല്ലാം. ജീവച്ഛവമായി ജീവിക്കുന്ന മൂന്ന് ജീവനുകളുണ്ട് ഇവിടെ. ആ കത്തികൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലുവാൻ കോൺഗ്രസേ നിങ്ങൾ തയ്യാറാകണം. അത്രയ്ക്ക് വേദനയുണ്ട്.'-രാജേന്ദ്രൻ പറഞ്ഞു.
'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ വധഭീഷണിയും മുദ്രാവാക്യത്തിലുണ്ട്. പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.