+

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് വ്യാജ വോട്ടിന് വേണ്ടിയോ? വോട്ടര്‍ പട്ടികയിലെ കൃത്രിമങ്ങള്‍ കണ്ടുപിടിക്കുക എളുപ്പമാകില്ല, ധ്രുവ് റാഠി അന്നേ പറഞ്ഞു, വോട്ടുചേര്‍ത്ത് രാജ്യം പിടിക്കാനായുള്ള തന്ത്രം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. ലോകസഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. ലോകസഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഭരണച്ചെലവ് കുറയ്ക്കുക, ഭരണസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് അനുകൂലികള്‍ വാദിക്കുമ്പോള്‍, പ്രതിപക്ഷം ഇതിനെ ജനാധിപത്യത്തിന് ഭീഷണിയായി കാണുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറാന്‍ ബിജെപി വ്യാപകമായ വ്യാജവോട്ടുകള്‍ ചേര്‍ത്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കൂടുതല്‍ സംശയനിഴലിലായി.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടപ്പ് നടത്തിയാല്‍ വോട്ടര്‍ പട്ടികയിലെ കൃത്രിമങ്ങള്‍ കണ്ടുപിടിക്കുക എളുപ്പമല്ല. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വ്യാജവോട്ടു ചേര്‍ത്താല്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

പ്രശസ്ത യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി ഇക്കാര്യം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2025 ജനുവരി 8-ന് പുറത്തിറക്കിയയ ഒരു വീഡിയോയില്‍ അദ്ദേഹം വോട്ടര്‍ പട്ടികയിലെ കൃത്രിമങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട്.

ഈ വീഡിയോയില്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതും കള്ളവോട്ടുകള്‍ ചേര്‍ക്കുന്നതും സംഘടിതമായി നടക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രധാനമായും ബിജെപിക്ക് കുറവ് വോട്ടുകള്‍ ലഭിക്കുന്ന പ്രദേശങ്ങളിലും സമുദായ മേഖലകളിലുമാണ് ഇത്തരം കൃത്രിമങ്ങള്‍ നടക്കുന്നതെന്നും റാഠി വ്യക്തമാക്കുകയുണ്ടായി.

റാഠി പറയുന്നത് പ്രകാരം, വോട്ടര്‍ പട്ടികയിലെ കൃത്രിമം കാട്ടാന്‍ താരതമ്യേന എളുപ്പമാണ്. കാരണം ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെമേല്‍ ഭരണകക്ഷി രാഷ്ട്രീയക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ബിഎല്‍ഒകള്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കിലും, അവരെ ഉപയോഗിച്ച് പേരുകള്‍ നീക്കം ചെയ്യുന്നത് സാധാരണമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ ലംഘിച്ചാണ് ഇത് നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയക്കാതെ, ഗ്രൗണ്ട് വെരിഫിക്കേഷന്‍ നടത്താതെ, ബള്‍ക്ക് ഡിലീഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു.

റാഠിയുടെ അഭിപ്രായത്തില്‍, വ്യത്യസ്ത തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികകള്‍ താരതമ്യം ചെയ്ത് അപാകതകള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' വരുമ്പോള്‍, ഒരൊറ്റ വലിയ തെരഞ്ഞെടുപ്പായിരിക്കുമ്പോള്‍, കൃത്രിമങ്ങള്‍ കണ്ടെത്താന്‍ കുറവ് സാധ്യതയുണ്ട്. വോട്ടര്‍ പട്ടിക കൃത്രിമം കാട്ടാന്‍ എളുപ്പമാണെന്നും, പിടിക്കപ്പെടാന്‍ പ്രയാസമാണെന്നും റാഠി വാദിക്കുന്നു, പ്രത്യേകിച്ച് ഒറ്റ തെരഞ്ഞെടുപ്പില്‍.

ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദില്‍ ബിജെപി 2,678 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് 32,000 പേരുകള്‍ നീക്കം ചെയ്തു. പ്രധാനമായും അലിഗഡ് പ്രദേശത്ത്, അവിടെ 30% വോട്ടര്‍മാര്‍ യാദവരും മുസ്ലിംകളുമാണ്. ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് പ്രകാരം, ബിജെപി എംഎല്‍എ സത്യപാല്‍ സിംഗ് റാഠോറിന്റെ ലെറ്റര്‍ അനുസരിച്ച് മാത്രം 277 പേരുകള്‍ നീക്കം ചെയ്തു. ചില ബൂത്തുകളില്‍ ഡിലീഷന്‍ നിരക്ക് 12% വരെയാണ്. റാഠി പറയുന്നത്, ഈ കൃത്രിമമില്ലെങ്കില്‍ ബിജെപി തോറ്റേനെ എന്നാണ്.

സമാനമായി മീററ്റില്‍ ബിജെപി 10,585 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അവിടെ 61,365 പേരുകള്‍ നീക്കം ചെയ്തു. ഈ പ്രദേശങ്ങളില്‍ ദളിതരും മുസ്ലിംകളുമാണ് ഭൂരിപക്ഷം. ചില ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് വിലാസം 'ഉത്തര്‍ പ്രദേശ്' അല്ലെങ്കില്‍ 'ഝുഗ്ഗി' മാത്രമാണ് ഇത് കള്ളവോട്ടുകളാണെന്ന് റാഠി സൂചിപ്പിക്കുന്നു. പല മണ്ഡലങ്ങളിലും ഈ രീതിയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഇല്ലാതാക്കുകയും അനുകൂല വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് പതിവ്. ഡിലീഷനുകള്‍ ഡോക്യുമെന്റേഷനോടെ മാത്രമാണെന്ന് വാദിക്കുന്നു. അതേസമയം, ഒറ്റ തെരഞ്ഞെടുപ്പിലെ ഒരൊറ്റ വോട്ടര്‍ പട്ടികയായിരിക്കുമ്പോള്‍, കൃത്രിമങ്ങള്‍ കണ്ടെത്താന്‍ കുറവ് അവസരമുണ്ടാകുമെന്നാണ് റാഠിയുടെ മുന്നറിയിപ്പ്. ഇത് ജനാധിപത്യത്തിന്റെ അടിത്തറയെ തകര്‍ക്കുമെന്നും അദ്ദേഹം വാദിക്കുന്നു.
 

Trending :
facebook twitter