നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

08:39 AM Nov 02, 2025 | Suchithra Sivadas

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് സംഭവം. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റ ഡിജിറ്റല്‍ ബാങ്ക് എന്ന സ്വകാര്യസ്ഥാപനത്തിലാണ് സംഭവം. 41കാരനായ ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 24 കാരനായ സഹപ്രവര്‍ത്തകന്‍ സോമല വംശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. പുലര്‍ച്ചെ ലൈറ്റ് ഓഫാക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ വിജയവാഡ സ്വദേശിയായ സോമല വംശി ഡംബല്‍ എടുത്ത് ഭീമേഷിന്റെ തലയ്ക്ക് അടിച്ചു. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതി ഗോവിന്ദരാജ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കൊലപാതകകുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.