യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. അബിന്‍ വര്‍ക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കുമെന്നാണ് സൂചന. ഇന്നലെയാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു പുതിയ നീക്കം. എന്നാല്‍, അബിനെ ഒതുക്കി എന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കിയതിനൊപ്പം കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയ അബിന്‍ വര്‍ക്കിയെയും കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അബിന്‍ വര്‍ക്കിക്കുവേണ്ടി ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെഎം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും ബലപരീക്ഷണം തുടങ്ങിയതോടെയാണ് ഒജെ ജനീഷിന്റെ പേര് സമവായ നീക്കത്തില്‍ ഒന്നാമതെത്തിയത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്. എ ഗ്രൂപ്പിന്റെ കയ്യിലുള്ള പ്രസിഡന്റ് പദവിക്ക് തുടര്‍ച്ചവേണമെന്ന വാദവുമായി എ ഗ്രൂപ്പും എംകെ രാഘവനുമടക്കമുള്ള നേതാക്കളും അഭിജിത്തിനെ പിന്തുണച്ചു. കെ.സി വേണുഗോപാല്‍ പക്ഷം ഹരിപ്പാട് നിന്നുള്ള ബിനു ചുള്ളിയിലിനെ കൊണ്ടുവരാനും നീക്കം തുടങ്ങി. തര്‍ക്കം മുറുകിയതോടെ ഷാഫി പറമ്പില്‍ ഒ.ജെ ജനീഷിന്റെ പേര് തന്ത്രപരമായി മുന്നോട്ടുകൊണ്ടുവരുകയായിരുന്നു.