മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്തർക്കായി പാണ്ടിത്താവളത്തിൽ അന്നദാന വിതരണം തുടങ്ങി

11:14 AM Jan 13, 2025 | Litty Peter

മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണത്തിന് തുടക്കമായി. അന്നദാന വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 

ജനുവരി 13, 14 തീയതികളിലാണ് പാണ്ടിത്താവളത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരണമുണ്ടാ യിരിക്കുക. പാണ്ടിത്താവളത്തിൽ മാംഗുണ്ട നിലയത്തിനു സമീപം പ്രത്യേകമായി തയാറാക്കിയ രണ്ട് കേന്ദ്രങ്ങളിലായാണ് അന്നദാന വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഉപ്പുമാവും കടലക്കറിയുമാണ് വിതരണം ചെയ്തത്. 

പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന അതേ സമയങ്ങളിൽ തന്നെ പാണ്ടിത്താവളത്തിലെ അന്നദാനമണ്ഡപത്തിലും ഭക്ഷണം വിതരണം ചെയ്യും. മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്ത൪ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് ക൪ശന നി൪ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്ത൪ക്കായി അന്നദാനം വിതരണം ഏ൪പ്പെടുത്തുന്നത്. 

മകരവിളക്ക് മഹോത്സവത്തിനായി തമ്പടിക്കുന്ന ഭക്ത൪ക്ക് ഭക്ഷണം നൽകുകയെന്നത് ദേവസ്വം ബോ൪ഡിന്റെ അടിസ്ഥാനപരമായ ക൪ത്തവ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.  ദ൪ശനം കാണാനെത്തുന്നവ൪ ഞായറാഴ്ച മുതൽ ഇവിടെ തമ്പടിക്കുന്നു. അവ൪ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാനോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കാനോ മനസുള്ളവരല്ല. ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് വലിയ അപകടത്തിലേക്ക് പോകും. അതുകൊണ്ടാണ് ദേവസ്വം ബോ൪ഡ് തന്നെ മൂന്ന് നേരവും ഭക്ഷണം നൽകാ൯ തീരുമാനിച്ചത്.  പൂ൪ണമായും സൗജന്യമായി ഇവിടെയെത്തുന്ന എല്ലാ ഭക്ത൪ക്കും ഭക്ഷണം നൽകും. ഭക്ഷണം കഴിച്ച് തിക്കും തിരക്കും കൂട്ടാതെ സ്വാമിയെ തൊഴുത് മലയിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിൾ പുലാവ്, സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാ൪, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയ൪, അച്ചാ൪ എന്നിവ രാത്രിയിൽ 6.30 മുതൽ മുതൽ 12 വരെ ഭക്ത൪ക്ക് വിളമ്പും. 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪, അന്നദാനം സ്പെഷ്യൽ ഓഫീസ൪, രണ്ട് അസിസ്റ്റന്റ് ഓഫീസ൪ എന്നിവ൪ക്കാണ് അന്നദാന വിതരണത്തിന്റെ മേൽനോട്ട ചുമതല. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ൪ ബി. മുരാരി ബാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪ ശ്രീനിവാസ൯ പോറ്റി, സ്പെഷ്യൽ ഓഫീസ൪ ദിലീപ് കുമാ൪, അസിസ്റ്റന്റ് എ൯ജിനീയ൪മാരായ ജി. മനോജ് കുമാ൪, കെ. സുനിൽ കുമാ൪ എന്നിവ൪ പങ്കെടുത്തു.