ഇന്ത്യക്ക് എല്ലാ വർഷവും പുതിയ പ്രധാനമന്ത്രിയെന്ന് ഡോണൾഡ് ട്രംപ്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാറിപ്പോയതാണെന്ന് സോഷ്യൽ മീഡിയ ; നാക്കുപിഴ ചർച്ചയാകുന്നു

06:25 PM Oct 16, 2025 | Neha Nair

വാഷിംഗ്ടൺ: ഇന്ത്യക്ക് എല്ലാ വർഷവും പുതിയ പ്രധാനമന്ത്രിയാണെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നാക്കുപിഴ വലിയ ചർച്ചയാകുന്നു. എന്നാൽ, ട്രംപിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാറിപ്പോയതാണ് എന്നാണ് സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 77 വർഷത്തെ ചരിത്രത്തിൽ പാകിസ്ഥാന് പലപ്പോഴും ഭരണാധികാരികളെ അതിവേഗം മാറ്റിയ ചരിത്രമുണ്ട്. ബുധനാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

'മോദി ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹം ട്രംപിനെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞ ട്രംപ് മോദിയെ മഹാനായ വ്യക്തി എന്നും പരീക്ഷിച്ചറിഞ്ഞ നേതാവെന്നും വിശേഷിപ്പിച്ചു. എന്നാൽ ഉടൻ തന്നെ അദ്ദേഹം ഒരു വിചിത്രമായ വിശദീകരണവും നൽകി. നിങ്ങൾ സ്നേഹം എന്ന വാക്ക് മറ്റൊരു രീതിയിൽ എടുക്കരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.