
ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലില്‍ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് ഉടന്‍ തുടര്‍നടപടികളിലേക്ക് കടക്കും. ഇന്നലെ വൈകിട്ടോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.മെഡിക്കല്‍ കോളേജുകളില്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളായുണ്ട്. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ നടപടി സര്‍വീസ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും നടപടിക്ക് ശുപാര്‍ശയില്ല.
ഈ നിര്‍ദ്ദേശത്തില്‍ മന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിര്‍ണായകം. ഡോക്ടര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. സര്‍വീസ് ചട്ടങ്ങള്‍ പാലിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയേക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. ബുധനാഴ്ച രാത്രിയാണ് നാലംഗ വിദഗ്ധസംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.